പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യാത്ത മലയാള സിനിമാ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി ഗണേഷ് കുമാര്‍ എം.എല്‍.എ. രംഗത്ത്. കോടികള്‍ പ്രതിഫലം വാങ്ങുന്ന പല നടന്മാരും അഞ്ച് പൈസ പോലും നല്‍കിയിട്ടില്ലെന്നും സുരാജ് വെഞ്ഞാറാമൂടിനെ പോലുള്ള പാവങ്ങളാണ് സഹായിച്ചതെന്നും ഗണേഷ് പറഞ്ഞു.
സഹായം നല്‍കാതെ പലരും പ്രസ്താവന കൊടുക്കാനും ഫേസ്ബുക്കില്‍ എഴുതാനും തയാറാകുമ്പോള്‍ കലാകാരനെന്ന നിലയില്‍ തനിക്കതില്‍ പ്രതിഷേധമുണ്ട്. ഫേസ്ബുക്കിലൂടെ എല്ലാ വിഷയത്തിലും അഭിപ്രായം കാച്ചുന്ന നടന്മാരോട് നിങ്ങളെന്ത് ചെയ്തുവെന്ന് ജനം ചോദിക്കണമെന്നും ഗണേഷ് പറഞ്ഞു. കുരിയോട്ടുമല ആദിവാസി ഊരുകളില്‍ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
ഗണേഷിന്റെ പറഞ്ഞതിങ്ങനെ…
നല്ല മനസുള്ളവര്‍ ലോകത്ത് ഇപ്പോഴും ഉണ്ട്. നമ്മളവരെ തിരിച്ചറിയുന്നില്ല. കുഴപ്പക്കാരെ മാത്രമേ കാണുന്നുള്ളൂ. നിശബ്ദമായി സഹായിക്കാന്‍ മനസുള്ള ഒരുപാട് ആളുകളുണ്ട്.
കോടിക്കണക്കിന് രൂപ ശമ്പളം വാങ്ങിക്കുന്ന പലവന്മാരെയും കാണാനില്ല. മുഖ്യമന്ത്രിയ്ക്ക് അഞ്ച് പൈസയും കൊടുത്തിട്ടില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്മാര്‍, ചില യുവ നടന്മാരെ കാണാനേയില്ല..
അഞ്ചു ദിവസത്തേക്ക് 35 ലക്ഷം രൂപ വാങ്ങുന്ന ഹാസ്യ നടന്മാരുണ്ട്. ഇവരാരെയും കാണുന്നില്ല. സുരാജ് വെഞ്ഞാറാമൂടിനെ പോലുള്ള പാവങ്ങള്‍ സഹായിച്ചു. ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വാങ്ങുന്നവരുണ്ട്. അവര് ആ പൈസയെങ്കിലും കൊടുക്കണ്ടെ. അവര് പത്തുലക്ഷം രൂപയൊക്കെ കൊടുത്തു.
കോടിക്കണക്കിന് രൂപ വാങ്ങുന്നവര്‍ പ്രസ്താവന കൊടുക്കാനും ഫേസ്ബുക്കില്‍ എഴുതാനും തയാറാകുമ്പോള്‍ എനിക്കതില്‍ പ്രതിഷേധമുണ്ട്. ഞാനുമൊരു കലാകാരനാണ്. എനിക്കതില്‍ പ്രതിഷേധമുണ്ട്.
ഫേസ്ബുക്കില്‍ ആകാശത്ത് ഇരുന്നുകൊണ്ട് ഇന്റര്‍നെറ്റില്‍ അഭിപ്രായം പറയുന്ന ചിലയാളുകള്‍ ഒരു സഹായവും നല്‍കിയില്ല. ഇവിടെ ക്ലബിലുള്ള കുട്ടികള്‍ പിരിച്ചെടുത്ത തുക ചെറുതാണെങ്കില്‍ പോലും അത് ദുരിതാശ്വാസനിധിയിലേയ്ക്ക് അവര്‍ നല്‍കി. പത്തനാപുരം കാര്‍ഷിക വികസന ബാങ്കിന്റെ ഒരു ലക്ഷം രൂപ ഞാന്‍ തന്നെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ഇവിടെ മലയാളികളുടെ സ്നേഹത്തിന്റെ പങ്കുപറ്റുന്ന ചില നടന്മാര്‍, ഫേസ്ബുക്കിലൂടെ ഇങ്ങനെ എല്ലാ വിഷയത്തിലും കാച്ചുന്ന വീരന്മാര്‍ അഞ്ച് പൈസയും കൊടുത്തിട്ടില്ലെന്നതാണ്. പണം നല്‍കിയവരുടെ ലിസ്റ്റെടുത്ത് അവരോട് ചോദിക്കണം, ഈ വര്‍ത്താനങ്ങളൊക്കെ ഞങ്ങള്‍ സഹിച്ചു, ഇത്രയും ദുരിതം കേരളത്തിലെ ജനങ്ങള്‍ക്ക് വന്നപ്പോള്‍ നിങ്ങളെന്ത് ചെയ്തുവെന്ന്.