തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് നടി നിഷ സാരംഗ്. നിര്‍ണ്ണായക അവസരത്തില്‍ ‘അമ്മ’ വിഷയത്തില്‍ മൗനം പിന്തുടരുമ്പോഴും ടി വി അഭിനേതാക്കളുടെ സംഘടനയായ ആത്മ അമ്മയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ഉപ്പും മുളകും സീരിയല്‍ നായിക നിഷ സാരംഗിന് ലൊക്കേഷനില്‍ സംവിധായകനില്‍ നിന്നും ഉണ്ടായ ദുരനുഭവങ്ങളെ അപലപിച്ചും പ്രതിഷേധം രേഖപ്പെടുത്തിയുമാണ് ആത്മ എത്തിയിരിക്കുന്നത്.
തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതിനെതിരെ നടിയെ അപമാനിക്കാനും തന്ത്രപൂര്‍വ്വം നീക്കാനുമുളള ചാനലിന്റെയും അധികൃതരുടെയും നീക്കത്തില്‍ സംഘടന നടിക്കൊപ്പം നില്‍ക്കുമെന്ന് ആത്മയുടെ പ്രസിഡന്റ് കൂടിയായ കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
നിഷയുടെ അനുഭവം ഒറ്റപ്പെട്ട സംഭവമായി കാണാന്‍ കഴിയില്ല. ഇത് ഓരോ ആര്‍ട്ടിസ്റ്റിനും അനുഭവിക്കാനിടയുള്ള ഭീഷണിയും വെല്ലുവിളിയുമായാണ് ആത്മ കാണുന്നത്. മലയാളം ടിവി സീരിയല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്ക്കും കലാകാരികള്‍ക്കും തൊഴില്‍ മേഖലയില്‍ അനുഭവിക്കേണ്ടി വരുന്ന ഒട്ടനവധി പ്രതിബന്ധങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആത്മ ടെലിവിഷന്‍ ഫ്രറ്റേണിറ്റിക്കും ചാനല്‍ മേധാവികള്‍ക്കും ഒരിക്കല്‍ കത്തയച്ചിരുന്നതാണ്.
എന്നാല്‍ അവരില്‍ ഒരാള്‍ പോലും തിരിച്ച് പ്രതികരിക്കാന്‍ ഇതുവരെ തയാറായിട്ടില്ല. നിഷയുടെ സംഭവത്തിലുള്ള അവരുടെ നിലപാടും ഇത്തരം തന്ത്രപരമായ നിലപാടായിട്ടാണ് സംഘടന കാണുന്നത്.
നിഷയുടെ സംഭവത്തില്‍ നടിയെ നിലനിര്‍ത്തുന്നതായി പ്രഖ്യാപിക്കുകയും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ ഉപ്പും മുളകും അവസാനിപ്പിക്കുകയും ചെയ്തതിന് ശേഷം പിന്നീട് ചപ്പും ചവറും എന്നോ മറ്റോ പേരില്‍ അതേ സംവിധായകനെ വച്ച് സീരിയല്‍ പുനരാരംഭിക്കുന്നതിനും നടിയെ ഒഴിവാക്കുന്നതിനും ഉള്ള നീക്കങ്ങളാണ് നിലവില്‍ നടക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം നീതികേടുകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.