കൊല്ലം: സോളാർ കേസിൽ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി കേരള കോൺഗ്രസ് -ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ശരണ്യ മനോജ്.
സോളാർ വിഷയം വഴിതിരിച്ചുവിടുകയും പരാതിക്കാരിയെക്കൊണ്ട് യുഡിഎഫ് മന്ത്രിമാർക്കെതിരെ ആരോപണം ഉന്നയിപ്പിക്കുകയും കത്ത് എഴുതിക്കുകയും ചെയ്തതിനു പിന്നിൽ ഗണേഷ് കുമാറും അറസ്റ്റിലായ പി.എ. പ്രദീപുമാണെന്ന് ശരണ്യ മനോജ് വെളിപ്പെടുത്തി.
കുന്നിക്കോട് തലവൂരിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് ആർ. ബാലകൃഷ്ണപിള്ളയുടെയും കെ.ബി. ഗണേഷ് കുമാറിന്റെയും സന്തതസഹചാരിയായിരുന്ന ശരണ്യ മനോജ് വെളിപ്പെടുത്തൽ നടത്തിയത്.
സോളാർ കേസിൽ ആദ്യം ആരോപണമുയർന്നപ്പോൾ താനാണ് മുഖ്യപ്രതിയെന്നു തിരിച്ചറിഞ്ഞ ഗണേഷ് കുമാർ കാര്യങ്ങൾ വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് ശരണ്യ മനോജ് പറഞ്ഞു.
പരാതിക്കാരിയെ ക്കൊണ്ട് നിരന്തരം മൊഴിമാറ്റി പറയിച്ചത് ഗണേഷും പിഎയുമാണ്. ദൈവം പോലും ഒരിക്കലും പൊറുക്കാത്ത കാര്യങ്ങള്‍ പിന്നീട് പരാതിക്കാരിയെക്കൊണ്ട് ഗണേഷ് കുമാര്‍ പറയിപ്പിക്കുകയും എഴുതിക്കുകയും ചെയ്തു.
ഉമ്മന്‍ ചാണ്ടിക്ക് ഈ രഹസ്യങ്ങളെല്ലാം അറിയാം. കരിക്കിന്‍വെള്ളം പോലെ പരിശുദ്ധനായ ഉമ്മന്‍ ചാണ്ടിയെ ഡിവൈഎഫ്ഐകാര്‍ കല്ലെറിഞ്ഞിട്ടും അദ്ദേഹം അത് പുറത്തു പറയാന്‍ തയാറായില്ല.
ഇതിന്യെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് ഗണേഷ് കുമാറാണെന്ന് മനോജ് പറഞ്ഞു.
തന്നെ രക്ഷിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ഗണേഷ് കുമാർ സഹായം തേടിയപ്പോൾ ഈ വിഷയത്തിൽ ഇടപെട്ട വ്യക്തി എന്ന നിലയിലാണ് ഇക്കാര്യങ്ങൾ തുറന്നു പറയുന്നതെന്ന് ശരണ്യ മനോജ് പറഞ്ഞു.
ശരണ്യ മനോജ് കേരള കോൺഗ്രസ് -ബി യില്‍നിന്നു രണ്ടു വര്‍ഷം മുമ്പ് രാജിവച്ചിരുന്നു.