ഗംഗാനദിയുടെ ശുചീകരണത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുമുള്ള സന്ദേശം പ്രചരിപ്പിക്കാൻ നദിയിലൂടെ നടത്തുന്ന സാഹസിക റാഫ്റ്റിംഗ് ഇന്നു തുടങ്ങും. ബിഎസ്എഫ് സേനയുടെ നേതൃത്വത്തിലാണു യാത്ര.
ഉത്തരാഖണ്ഡിലെ ഗംഗോത്രിയിൽനിന്ന് പശ്ചിമ ബംഗാളിലെ ഗംഗാസാഗറിലേക്കാണു സാഹസികവും മനോഹരവുമായ റാഫ്റ്റിംഗ്!
60 അംഗ ടീമിൽ 20 വനിതാ റാഫ്റ്റർമാർ ഉണ്ടാവും. ഗംഗോത്രിയിൽനിന്ന് ആരംഭിക്കുന്ന യാത്ര 53 ദിവസംകൊണ്ട് അഞ്ച് സംസ്ഥാനങ്ങളിലൂടെ 2,325 കിലോമീറ്റർ ദൂരം സഞ്ചരിക്കും.
രാജ്യചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര.
ഡിസംബർ 24ന് ഗംഗാസാഗറിൽ യാത്ര അവസാനിക്കും. യാത്രയ്ക്കിടെ ഗംഗാനദീ തീരത്തുള്ള വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം അവിടത്തെ ജനങ്ങളുമായി സംവദിക്കും. നവംബർ നാലിന് ഹരിദ്വാറിലെത്തുന്ന യാത്രയ്ക്ക് കേന്ദ്രമന്ത്രി സി.ആർ. പാട്ടീലും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും സ്വീകരണം നൽകും.