കോവിഡ് ലോക്ഡൗണിനു പിന്നാലെ വായുവും വെള്ളവുമൊക്കെ മാലിന്യമുക്തമായപ്പോൾ വംശനാശത്തിൽ അമർന്നുകൊണ്ടിരുന്ന ജീവികളിൽ ചിലതൊക്കെ വീണ്ടും സാന്നിധ്യം അറിയിച്ചുതുടങ്ങിയിരിക്കുന്നു.
ഇത്തരത്തിലെ മടങ്ങിവരവിന് ഏറ്റവും ആശ്വാസകരമായ സാന്നിധ്യമാണ് സുസു എന്നറിയപ്പെടുന്ന ഗംഗാ ഡോൾഫിനുകൾ.
വെള്ളത്തിലെ കോമാളിയെന്നാണ് ഡോൾഫിനുകൾ അറിയപ്പെടുന്നത്. ഗംഗാനദിയിലെ സുസു ഡോൾഫിനുകളെയാണ് ഇന്ത്യ ദേശീയ ജലജീവിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
ശുദ്ധജലത്തിൽ ജീവിക്കുന്ന ഇത്തരം ഡോൾഫിനുകൾ അതീവ വംശനാശഭീഷണി പട്ടികയിലുമാണ്.
പുണ്യനദിയായ ഗംഗയിൽ രണ്ടു പതിറ്റാണ്ടുകൾക്കുശേഷം ലോക്ഡൗണ്കാലത്ത് നദി തെളിഞ്ഞതോടെയാണ് ഡോൾഫിനുകൾ വീണ്ടും സാന്നിധ്യം അറിയിക്കുന്നത്.
ഗംഗാ ഡോൾഫിനുകളുടെ പ്രത്യേക സംരക്ഷണം മുൻനിർത്തി 2009 ഒക്ടോബർ അഞ്ചിനാണ് കേന്ദ്രസർക്കാർ ഇവയെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. ചില സംസ്ഥാനങ്ങളിൽ ഇവയെ ഹിഹു എന്നും വിളിക്കാറുണ്ട്.
ആസാം സംസ്ഥാനത്തിന്റെയും ജലജീവി സുസുവാണ്. മനുഷ്യരുടെ ഇടപെടലുകളും രൂക്ഷമായ മലിനീകരണവും ജലഗതാഗതവുമൊക്കെയാണ് ഗംഗാ ഡോൾഫിനുകളെ നദികളിൽനിന്നകറ്റാൻ കാരണമായിക്കൊണ്ടിരിക്കുന്നത്.
കോവിഡിൽ മലനീകരണം കുറയുകയും ഇടപെടൽ ഇല്ലാതാവുകയും ചെയ്തതോടെ കൊൽക്കത്തയിൽ ഉൾപ്പെടെ ഗംഗാ ഡോൾഫിനുൾ നദിക്കു മുകളിൽ പുളച്ചുമറിയുന്നത് കാഴ്ചയായി.
ഇരയെ കണ്ടെത്താനായി ശബ്ദം പുറപ്പെടുവിച്ച് അതിന്റെ പ്രതിധ്വനി ജാഗ്രതയിൽ മനസിലാക്കാനുള്ള സങ്കീർണമായ സംവിധാനം ഈ ജലജീവിയിലുണ്ട്.
ചിറകുകൾ നിലത്തുകുത്തി വശങ്ങളിലേക്ക് സഞ്ചരിക്കുന്ന സ്വഭാവവുമുണ്ട്. സാധാരണ ഭക്ഷണം കണ്ടെത്താൻ സുസു ഇത്തരത്തിൽ വിവിധ വശങ്ങളിലേക്കു സഞ്ചാരം തുടരുന്നു.
ആണ് ഡോൾഫിനുകൾക്ക് 2.2 മീറ്റർ വരെ നീളമുണ്ടാകുന്പോൾ പെണ്ജീവികൾക്ക് 2.4 മീറ്റർ വരെയാകും നീളം. പൂർണവളർച്ചയെത്തിയ ഗംഗാ ഡോൾഫിനുകൾക്ക് ചാരനിറവും കുഞ്ഞുങ്ങൾക്ക് ഇരുണ്ട നിറവുമാണ്.
അന്തരീക്ഷവായു ശ്വസിക്കുന്ന ഈ ജലജീവിയുടെ ശ്വാസോച്ഛ്വാസത്തിനുള്ള ദ്വാരം തലയ്ക്കു മുകളിലാണ്.
രണ്ടു മിനിറ്റു മുതൽ മൂന്നു മിനിറ്റോളം ജലോപരിതലത്തിൽ പൊന്തിവന്ന് ശ്വാസമെടുക്കുന്ന വേളയിലെ ശബ്ദത്തിൽ നിന്നാണ് സുസു എന്ന പേരുണ്ടായത്.
സുസുവിന്റെ വായുടെ ഭാഗം മെലിഞ്ഞ് നീണ്ടിരിക്കുന്നത് എടുത്തറിയാൻ കഴിയും. ഇവയ്ക്ക് ബലമേറിയ വലിയ ചിറകുകളാണുണ്ടാവുക. ഉദരഭാഗം വട്ടത്തിലായിരിക്കും. ചെളിനിറഞ്ഞ അടിത്തട്ടുള്ള പ്രദേശങ്ങളിലാണ് സുസുവിനെ സാധാരണ കാണപ്പെടുന്നത്.
വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) കണക്കനുസരിച്ച് ഇവയുടെ എണ്ണത്തിൽ ഓരോ വർഷവും പത്തു ശതമാനം വീതം കുറവുണ്ടാകുന്നു.
ശുദ്ധ ജലജീവികളായി കണ്ടെത്തിയിട്ടുള്ള മൂന്നു ഡോൾഫിനുകളിൽ ഒന്നാണ് സുസു. ചൈനയിലെ യാങ്സീ നദിയിലുള്ള ഡോൾഫിൻ, ആമസോണിൽ കാണപ്പെടുന്ന ശുദ്ധജല ഡോൾഫിൻ, ഗംഗയിലെ ഡോൾഫിൻ എന്നിവയാണ് ഈ മൂന്നിനങ്ങൾ.
സുസുവിന്റെ വംശത്തിൽപ്പെട്ട ശുദ്ധജല ഡോൾഫിനുകളെ സിന്ധുനദിയിലും കണ്ടെത്തിയിട്ടുണ്ട്. ഗംഗ, ബ്രഹ്മപുത്ര നദികളിൽ ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലാണ് ഗംഗാ ഡോൾഫിനുകൾ കൂടുതലായുള്ളത്.
പാക്കിസ്താനിലെ ബിയാസ്, സത്ലജ് നദികളിലും സിന്ധു ഡോൾഫിനെ കണ്ടുവരുന്നു. ചെളി നിറഞ്ഞ അടിത്തട്ടുള്ള പ്രദേശങ്ങളിലാണ് ഇവ കൂടുതലുള്ളത്.
കേന്ദ്രസർക്കാരിന്റെ കണക്കു പ്രകാരം 4000 മുതൽ 5000 വരെ സുസുക്കൾ ഉണ്ടാകാനിടയുണ്ട്.
ഗംഗയിലും ബ്രഹ്മപുത്രയിലുമായി ഗംഗാ ഡോൾഫിനുകൾ രണ്ടായിരത്തിൽ താഴെയേ അവശേഷിക്കുന്നുള്ളൂവെന്നാണ് കണക്കുകൂട്ടൽ.
എന്നാൽ ഡോൾഫിനുകളുടെ എണ്ണം ഇരുന്നൂറിൽ താഴേയേ ഉണ്ടാകാനിടയുള്ളൂവെന്നു വാദിക്കുന്നവരുമുണ്ട്.
ഗംഗാനദിയുടെ ശുചീകരണവും ശുദ്ധജല ഡോൾഫിനുകളുടെ സംരക്ഷണവും ലക്ഷ്യമിട്ടാണ് ഇവയെ ദേശീയ ജലജീവിയായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ നദികളുടെ പൊതുശുചിത്വത്തിന്റെ പ്രതീകം കൂടിയാണ് ഗംഗാ ഡോൾഫിനുകൾ.
ഗംഗയിൽനിന്നുതന്നെ വർഷം 130 മുതൽ 160 വരെ ഡോൾഫിനുകളെ ഓരോ വർഷവും വേട്ടയാടുന്നതായാണ് കണക്ക്.
ഉത്തർപ്രദേശിലെ പഞ്ചസാര ഫാക്ടറികൾ പുറംതള്ളുന്ന മലിനജലവും വസ്ത്രശാലകൾ തള്ളുന്ന മാലിന്യങ്ങളും ഗംഗാനദിയിലേക്ക് ഒഴുക്കുന്നത് ഡോൾഫിനുകളെ ദോഷകരമായി ബാധിക്കുന്നു.
ഗംഗയിൽ പണിതിരിക്കുന്ന അന്പതിലധികം അണക്കെട്ടുകളും ഡോൾഫിനുകളുടെ സഞ്ചാരത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഗംഗയിൽ നിമഞ്ജനം ചെയ്യുന്ന വിഗ്രഹങ്ങളും ഇവയ്ക്കു വളരെ ദോഷം ചെയ്യുന്നതായണ് വിമർശനം. മുൻപു കളിമണ്ണിൽ നിർമിച്ച വിഗ്രഹങ്ങളായിരുന്നു നിമഞ്ജനം ചെയ്തിരുന്നത്.
നിലവിൽ പ്ലാസ്റ്റർ ഓഫ് പാരീസിൽ നിർമ്മിച്ച കൃത്രിമ നിറങ്ങൾ പൂശിയവയാണ് കൂടുതലായി നിമഞ്ജനം ചെയ്യുന്നത്.
ഡോ. ലിജിമോൾ പി. ജേക്കബ്