പട്ന: ബിഹാറിൽ ഗംഗാനദിയിൽ മൂന്നു യുവാക്കൾ മുങ്ങിമരിച്ചു. ഇവർക്കൊപ്പം നദിയിൽ മുങ്ങിപ്പോയ രണ്ടു പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഗാന്ധി മൈതാൻ പോലീസ് സ്റ്റേഷന് കീഴിലുള്ള കളക്ടറേറ്റ് ഘട്ടിൽ നദീതീരത്ത് വോളിബോൾ കളിക്കുന്നതിനിടെ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.
കളിക്കിടെ കുളിക്കാൻ പോയ ഒരാളും അയാളെ രക്ഷിക്കാൻ നദിയിലിറങ്ങിയ ആറുപേരും ഒഴുക്കിൽപ്പെടുകയായിരുന്നു. സമീപത്തെ വള്ളത്തിലുണ്ടായിരുന്ന ഒരാൾ മുളങ്കമ്പ് എറിഞ്ഞുകൊടുത്ത് രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നു മണിക്കൂർ നീണ്ട തെരച്ചിലിനുശേഷമാണ് എസ്ഡിആർഎഫ് സംഘം മൂന്നു മൃതദേഹങ്ങൾ കണ്ടെടുത്തത്.