ന്യൂഡല്‍ഹി: ഗംഗയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങള്‍ കോവിഡ് ബാധിതരുടേതെന്ന സംശയം ബലപ്പെടുന്നു. ബീഹാറിലെ ചൗസ ഗ്രാമത്തിലെ ഗംഗയുടെ തീരമായ മഹാദേവ് ഘട്ടില്‍ കണ്ടെത്തിയ മൃതദേഹങ്ങളാണ് കോവിഡ് ബാധിതരുടേതെന്ന് സംശയിക്കപ്പെടുന്നത്.
കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ചില ജില്ലകളിൽ നിന്ന് ഒഴുകിയെത്തിയതാണ് മൃതദേഹങ്ങളെന്ന് സ്ഥലം സന്ദര്‍ശിച്ച അധികൃതര്‍ പറഞ്ഞു. എന്നാല്‍ അവ കോവിഡ് ബാധിതരുടേത് തന്നെയാണോ എന്ന് അവര്‍ ഉറപ്പിച്ച് പറഞ്ഞില്ല.
കിഴക്കന്‍ ഉത്തര്‍പ്രദേശിനോട് ചേര്‍ന്നുള്ള അതിര്‍ത്തി ജില്ലയായ ബക്സറിന്റെ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചൗസ.
തിങ്കളാഴ്ച രാവിലെയാണ് ഗ്രാമവാസികള്‍ നദിയുടെ തീരത്ത് പൊങ്ങിക്കിടക്കുന്ന നിരവധി മൃതദേഹങ്ങള്‍ കണ്ടത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വന്നതോടെയാണ് സംഭവം അധികാരികള്‍ക്ക് മുന്നിലെത്തുന്നത്.
മൃതദേഹങ്ങൾ നദിയിലേക്ക് തള്ളിയിടാൻ കാരണമുണ്ട്…
‘നാല്‍പ്പതോളം മൃതദേഹങ്ങളാണ് നദിയില്‍ ഉണ്ടായിരുന്നത്. അവയില്‍ ഭൂരിഭാഗവും കോവിഡ് -19 ഇരകളാകാന്‍ സാധ്യതയുണ്ട്’ –
സോഷ്യല്‍ ആക്ടിവിസ്റ്റും പ്രാദേശിക അഭിഭാഷകനുമായ അശ്വിനി വര്‍മ ഫോണിലൂടെ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കോവിഡ് മഹാമാരി വ്യാപിച്ചതോടെ മരണവും കൂടാന്‍ തുടങ്ങി.
മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാത്ത അവസ്ഥയായി. സാധ്യമായ ഇടങ്ങളില്‍ മൃതദേഹം സംസ്കരിക്കാന്‍ കൂടിയ തുകയാണ് ശ്മശാനങ്ങള്‍ ഈടാക്കുന്നത്.
ഇത് മൃതദേഹങ്ങള്‍ നദിയിലേക്ക് തള്ളിയിടാനുള്ള സാധ്യതയ്ക്ക് ഇടയാക്കുമെന്നും അശ്വിനി വര്‍മ പറഞ്ഞു.അനാഥമായി ഉപേക്ഷിക്കുന്ന മൃതദേഹങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്ന കാഴ്ചയും ഇവിടെയുണ്ട്.
മൃതദേഹങ്ങൾ കൃത്യമായ രീതിയിൽ സംസ്കരിക്കാത്തതിനേത്തുടർന്ന് കടുത്ത വിമർശനമാണ് യുപി സർക്കാരിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
മൃതദേഹങ്ങൾ വന്നത് എവിടെനിന്ന്?
അതേസമയം സ്ഥലം സന്ദര്‍ശിച്ച പ്രാദേശിക ഉദ്യോഗസ്ഥന് പറഞ്ഞത് – “നദിയില്‍ 12ഓളം മൃതദേഹങ്ങളാണ് കണ്ടത്. അവയൊക്കെ വീര്‍ത്തിട്ടുമുണ്ട്. കുറഞ്ഞത് ഏഴ് ദിവസമെങ്കിലും അവ വെള്ളത്തിലായിരിക്കും.
അവ എവിടെ നിന്നാണ് വന്നതെന്ന് അന്വേഷിക്കേണ്ടതായിട്ടുണ്ട്. വാരാണസിയില്‍ നിന്നോ അലഹബാദില്‍ നിന്നോ ആകാം.”
മാന്യമായി നീക്കം ചെയ്യും
സ്ഥലം സന്ദര്‍ശിച്ച ചൗസ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ അശോക് കുമാറിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു – “മരിച്ചവരാരും ചൗസ ജില്ലക്കാരല്ല. ഇവര്‍ യഥാര്‍ഥത്തില്‍ കോവിഡ് രോഗികളായിരുന്നോ എന്ന് എങ്ങനെ പറയാനാകും.
മൃതദേഹങ്ങള്‍ അഴുകിയതും വീര്‍ത്തതുമാണ്. അവ മാന്യമായ രീതിയില്‍ നീക്കം ചെയ്യപ്പെടുമെന്ന് ഞങ്ങള്‍ ഉറപ്പ് നല്കുന്നു.”
ശ്മശാനങ്ങൾക്ക് കാവൽ വേണമെന്ന് ജനങ്ങൾ
എന്നാല്‍ മൃതദേഹങ്ങള്‍ നദിയിലേക്ക് തള്ളിവിടുന്നത് തടയാന്‍ ശ്മശാനങ്ങളില്‍ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്ന ആവശ്യവുമായി ഗ്രാമീണര്‍ രംഗത്തെത്തിക്കഴിഞ്ഞു.
വിറകിന്റെ വില നിയന്ത്രിക്കണമെന്നും കുടുംബങ്ങള്‍ക്ക് അന്ത്യകര്‍മങ്ങള്‍ കൃത്യമായി നിര്‍വഹിക്കാന്‍ സൗകര്യം ഒരുക്കണമെന്നും ഗ്രാമീണര്‍ ആവശ്യപ്പെട്ടു.