ലക്നോ: ബിഹാറിനു പിന്നാലെ ഉത്തർപ്രദേശിലും ഗംഗാ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തി. ബല്ലിയ, ഗാസിപുര്‍ ജില്ലകളിലായി 45 ഓളം മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നതായാണ് കണ്ടെത്തിയത്.
കോവിഡ് രോഗികളുടെ മൃതദേഹങ്ങളാണ് ഇത്തരത്തില്‍ നദിയിലൂടെ ഒഴുക്കിവിടുന്നതെന്നാണ് സംശയിക്കുന്നത്.പ്രദേശവാസികൾ വിളച്ചറിയച്ചതിനെ തുടർന്ന് മാധ്യമങ്ങൾ എത്തിയാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അതേസമയം, എത്ര മൃതദേഹങ്ങൾ ലഭിച്ചുവെന്നതിൽ കണക്കുകൾ പുറത്തുവിടാതെ യുപി സർക്കാർ ഉരുണ്ടുകളിക്കുകയാണ്. ബിഹാറില്‍ നിന്നാണ് ഈ മൃതദേഹങ്ങള്‍ എത്തിയതെന്നാണ് യുപി പോലീസ് പറയുന്നത്.
കഴിഞ്ഞ ദിവസം ബിഹാറിലെ ബക്സറില് ഗംഗയില്‍ നിന്ന് 71 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ഇവിടം. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങളാണ് ഗംഗയിൽ തള്ളിയതെന്നാണു നിഗമനം.
ലോക്ഡൗണിനെത്തുടർന്ന് മൃതസംസ്കാരത്തിനുള്ള വിറകിന്റെയും മറ്റു വസ്തുക്കളുടെയും അപര്യാപ്തമൂലം, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നദിയിൽ ഒഴുക്കിയതാകാമെന്ന് നാട്ടുകാർ പറയുന്നു.