ചങ്ങനാശേരി: വീസാ തട്ടിപ്പു നടത്തി പോലീസ് പിടിയിലായ കായംകുളം സ്വദേശിനിയുടെ കൂടുതൽ ഇടപാടുകൾ അന്വേഷിക്കുന്നു.
കായംകുളം കുന്നത്താലുംമൂട് അമ്പലപ്പാട്ട് ഗംഗ ജയകുമാറി (26) നെയാണ് കഴിഞ്ഞ ദിവസം ചങ്ങനാശേരി പോലീസ് അറസ്റ്റു ചെയ്തത്.
ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും. ഗംഗ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ സമഗ്ര അന്വേഷണം നടത്തുകയാണ് പോലീസ്.
ഇവർക്കെതിരെ മറ്റു പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടോ എന്നും പരിശോധിക്കുന്നു.
സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്താണ് 38 ലക്ഷത്തോളം രൂപ പലരിൽ നിന്നും ഗംഗ തട്ടിയെടുത്തത്.
ഇന്നലെ പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുമാണ് പോലീസ് ഇവരെ കസ്റ്റടിയിലെടുത്തത്.
അയ്മനം, പാന്പാടി, ചങ്ങനാശേരി എന്നിവിടങ്ങളിലെ പണം നഷ്ടപ്പെട്ട സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് കേസെടുത്ത് ഇവർക്കായി അന്വേഷണം നടത്തിവരികയായിരുന്നു.
തിരുവല്ല സ്വദേശിയായ യുവാവിന്റെയും കോട്ടയം സ്വദേശിയായ ജ്യോത്സ്യന്റെയും സഹായത്തോടെയായിരുന്നു തട്ടിപ്പ്.
തിരുവല്ല സ്വദേശിയുടെ അക്കൗണ്ടിലേക്കായിരുന്നു തട്ടിപ്പിനിരയായവർ പണം നിക്ഷേപിച്ചത്.
പോലീസ് അന്വേഷിക്കുന്നതു മനസിലാക്കിയ ഗംഗ വിദേശത്തേക്ക് കടന്നുകളഞ്ഞു. യുവാവും ജ്യോത്സ്യനും ഹൈക്കോടതിയിൽ നിന്നു ജാമ്യം നേടി.
തട്ടിപ്പിനിരയായവർ ഹൈക്കോടതിയിൽ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലുള്ള കോടതിയുടെ ഉത്തരവു പ്രകാരമാണ് വിദേശത്തുനിന്നും മടങ്ങിവന്ന ഗംഗയെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പേരിൽ കായംകുളം പോലീസ് സ്റ്റേഷനിലും കേസുള്ളതായി പോലീസ് പറഞ്ഞു.