കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻകൂർ ജാമ്യഹർജിയിലെ പി.പി. ദിവ്യയുടെ ആരോപണങ്ങൾ തള്ളി റിട്ട. അധ്യാപകന് ഗംഗാധരൻ. എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതി നല്‍കിയിട്ടില്ല. തന്റെ സ്ഥലത്ത് മണ്ണിട്ട് നികത്തുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസിൽ നിന്ന് നൽകിയ സ്റ്റോപ് മെമ്മോയ്ക്ക് എതിരേയാണ് പരാതി പറഞ്ഞതെന്നും ഗംഗാധരൻ വ്യക്തമാക്കി.
നീതി തന്റെ ഭാഗത്തായിരുന്നിട്ടും തീര്‍പ്പ് വൈകി എന്നതായിരുന്നു തന്റെ ആക്ഷേപമെന്നും ഗംഗാധരൻ പറഞ്ഞു. എഡിഎമ്മിനെതിരെ ഗംഗാധരന് പരാതി നല്‍കിയിട്ടുണ്ടെന്നായിരുന്നു പി.പി. ദിവ്യയുടെ വാദം. ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നു എന്ന പരാതി നവീനെതിരെ നേരത്തെയും ഉണ്ടെന്നും ദിവ്യയുടെ മുന്‍കൂർ ജാമ്യഹര്‍ജിയില്‍ പറഞ്ഞിരുന്നു. ഫയല്‍ നീക്കം വേഗത്തില്‍ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
‘2024 സെപ്തംബര്‍ നാലിനാണ് ഞാന്‍ വിജിലന്‍സില്‍ പരാതി കൊടുക്കുന്നത്. പരാതി ആറു പേജുണ്ട്.കൈക്കൂലിയുമായി ബന്ധപ്പെട്ട് ഒന്നുമില്ല. കൈക്കൂലി ചോദിച്ചെന്ന ദിവ്യയുടെ വാദം തെറ്റാണ്. പരിഹരിക്കാമായിരുന്നിട്ടും നവീന്‍ ബാബു ഫയല്‍ സംബന്ധിച്ച കാര്യത്തിൽ നീതി കാട്ടിയില്ല. ഒരു ഫോണ്‍ വിളിച്ച് പരിഹരിക്കാവുന്ന പ്രശ്നമേയുണ്ടായിരുന്നുള്ളൂ’ എന്ന് ഗംഗാധരന് പറഞ്ഞു.