ന്യൂഡൽഹി: 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി സദർ ബസാറിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും മറ്റൊരാളുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. കേസിൽ അഞ്ച് പ്രതികൾ അറസ്റ്റിലായി.
ഒരു സ്ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പോലീസ് പറഞ്ഞു. ഛത്തീസ്ഗഢ് സ്വദേശിയായ ഡൽഹി സദർ ബസാറിലെ ചായക്കടക്കാരനാണ് കേസിലെ മുഖ്യപ്രതി. ഉത്തർപ്രദേശ്, മധ്യപ്രദേശ് സ്വദേശികളായ 12, 14, 15 വയസ്സ് പ്രായമുള്ള സ്റ്റാളിലെ തൊഴിലാളികളാണ് മറ്റ് പ്രതികൾ.
ജനുവരി ഒന്നിനാണ് സംഭവം. പുതുവത്സരം ആഘോഷിക്കുന്നതിനു വേണ്ടി ഒരു പെൺകുട്ടിയെ വേണമെന്നും അതിനുള്ള സംവിധാനം ഏർപ്പാടാക്കാൻ ചായക്കട ഉടമ പ്രദേശത്തെ ശുചീകരണ തൊഴിലാളിയായ ഒരു സ്ത്രീയോട് ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയെ എത്തിച്ചുകൊടുത്താൽ പ്രതിഫലം നൽകാമെന്നും ഇയാൾ യുവതിയോട് പറഞ്ഞു.
തൊട്ടടുത്ത ദിവസം ഇവർ 12 വയസുകാരിയായ പെൺകുട്ടിയെ കണ്ടുമുട്ടി. ആക്രി പെറുക്കിയാണ് പെൺകുട്ടി ജീവിച്ചിരുന്നത്. ഖുർഷിദ് മാർക്കറ്റിലുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് മാലിന്യം ശേഖരിക്കാനുണ്ടെന്നും വേണ്ട പണം നൽകാമെന്നും പറഞ്ഞ് സ്ത്രീ പെൺകുട്ടിയെ സമീപിച്ചു.
യുവതി പറഞ്ഞതിൻ പ്രകാരം പെൺകുട്ടി പ്രദേശത്തെത്തി. എന്നാൽ അവിടെ പതിയിരുന്ന ദുരന്തം പെൺകുട്ടി അറിഞ്ഞിരുന്നില്ല. പ്രതികളായ നാല് പേരും പെൺകുട്ടിയെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. തുടർന്ന് പ്രതികൾ മാറിമാറി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഇവിടെ നടന്നത് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.
വീട്ടിലേക്ക് മടങ്ങിയ പെൺകുട്ടി രണ്ട് ദിവസം ആരോടും ഒന്നും പറഞ്ഞില്ല. എന്നാൽ ജനുവരി അഞ്ചിന് ബന്ധുവിനോട് കുട്ടി പീഡന വിവരം പറഞ്ഞു. ബന്ധു ഉടൻ തന്നെ കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും വീട്ടുകാർ പോലീസിൽ പരാതിപ്പെടുകയും ചെയ്തു.
പെൺകുട്ടിയുടേയും കുടുംബത്തിന്റേയും പരാതിയിൽ യുവതി ഉൾപ്പെടെ അഞ്ച് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയെ എത്തിച്ചുകൊടുക്കാൻ പ്രതി പണം നൽകിയതായി പോലീസ് കണ്ടെത്തി.