തിരുവനന്തപുരം: ജനങ്ങളുടെ സ്വൈരജീവിതത്തിനു വിലങ്ങുതടിയായി സംസ്ഥാനമൊട്ടാകെ ഗുണ്ടാ ആക്രമണങ്ങൾ വർധിച്ചതിനു പിന്നാലെ കർശന നടപടി സ്വീകരിക്കാൻ പോലീസ് ഉന്നതതല യോഗത്തിൽ തീരുമാനം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ഗുണ്ടകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നു വിലയിരുത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഗുണ്ടാപ്പട്ടിക പുതുക്കാനും നിർദേശിച്ചു.
ഓരോ പോലീസ് സ്റ്റേഷൻ തലത്തിലുമുള്ള ഗുണ്ടകളുടെ പട്ടിക തയാറാക്കാനാണു നിർദേശം. ഡിവൈഎസ്പിമാർക്കാണ് ഗുണ്ടാലിസ്റ്റ് പുതുക്കാനുള്ള ചുമതല നൽകിയത്. ജയിലിൽനിന്ന് ഇറങ്ങുന്ന പ്രതികൾപോലും ഗുണ്ടാ ആക്രമണം നടത്തുന്ന സാഹചര്യത്തിൽ ഗുണ്ടാവേട്ട ശക്തമാക്കാനും നിർദേശിച്ചു.
കഴിഞ്ഞ രണ്ടര വർഷത്തിനകം സംസ്ഥാനത്തെ ഗുണ്ടകളുടെ എണ്ണത്തിൽ ആയിരത്തോളം പേരുടെ വർധനയുണ്ടായെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2021-22 കാലയളവിൽ 2,800 ഗുണ്ടകൾ കേരളത്തിലുണ്ടെന്നായിരുന്നു കണക്ക്. ഇപ്പോഴത് 4,000ത്തോളം വരുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. എന്നാൽ, പോലീസിന്റെ കൈവശം കൃത്യമായ കണക്കില്ലാത്ത സാഹചര്യത്തിലാണു പുതിയ ഗുണ്ടാസംഘങ്ങളെ അടക്കം ഉൾപ്പെടുത്തി പട്ടിക തയാറാക്കുന്നത്.
ലഹരിമാഫിയകളുടെ എണ്ണത്തിലുണ്ടായ വർധനയും ഗുണ്ടകൾ പെരുകാൻ ഇടയാക്കി. രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്ന സാഹചര്യത്തിൽ ഗുണ്ടകൾക്കെതിരേ പോലീസ് നടപടിയുണ്ടാകാത്തതും വൻതോതിലുള്ള ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കി. ഗുണ്ടാനിയമം കാര്യക്ഷമമായി പ്രയോഗിക്കാനാണ് ഇന്നലെ ഓണ്‍ലൈനായി ചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനം.
കേരളത്തിൽ വർധിച്ചുവരുന്ന ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ പോലീസ് തയാറാകണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പോലീസ് മേധാവിക്കു കത്ത് നൽകിയതിനു പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ഗുണ്ടകൾക്കെതിരേ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാറിന്റെ അധ്യക്ഷതയിൽ ഓണ്‍ലൈനിൽ ചേർന്ന യോഗത്തിൽ റേഞ്ച് ഐജിമാർ, ഡിഐജിമാർ, ജില്ലാ പോലീസ് മേധാവിമാർ തുടങ്ങിയവർ പങ്കെടുത്തു.
സ്വന്തം ലേഖകൻ