ന്യൂഡല്‍ഹി: കളി ജയിപ്പിക്കാന്‍ കഴിയുന്ന ഒരാളെ ഇന്ത്യന്‍ പരിശീലകനാക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി.എങ്ങനെയുള്ള കോച്ചിനെയാണ് തെരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് മറുപടിയായാണ് ഗാംഗുലിയുടെ പരാമര്‍ശം. ഇന്നലെ ബിസിസിഐ യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ബിസിസിഐയില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കളി ജയിപ്പിക്കാന്‍ കഴിയുന്ന ഒരാളെ പരിശീലകനാക്കും.- ഗാംഗുലി പറഞ്ഞു. ഗാംഗുലിയെ കൂടാതെ സച്ചിനും ലക്ഷ്മണും ആണ് ഉപദേശകസമിതിയിലുള്ളത്. ജൂലൈ 21ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിന് മുമ്പ് പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് മൂവര്‍സംഘം.
പരിശീലക സ്ഥാനത്തേക്ക് ജൂലൈ ഒമ്പതു വരെ അപേക്ഷകള്‍ അയക്കാം. മുമ്പ് അപേക്ഷിച്ചവര്‍ക്കും അവസരം നല്‍കും. ചൊവ്വാഴ്ച്ച പരിശീലകസ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലെ ഒഴിഞ്ഞ പശ്ചാത്തലത്തിലാണ് പുതിയ പരിശീലകനെ തേടുന്നത്. ക്യാപ്റ്റന്‍ കോഹ്ലിയുമായുണ്ടായ തര്‍ക്കങ്ങളാണ് കുംബ്ലെയുടെ രാജിയില്‍ കലാശിച്ചത്.