ന്യൂഡൽഹി: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പിന്തുണച്ച് മുൻ നായകൻ സൗരവ് ഗാംഗുലി രംഗത്ത്. കോഹ്ലി മനുഷ്യനാണെന്നും ചില ദിവസങ്ങളിൽ അദ്ദേഹവും പരാജയപ്പെടുമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
കോഹ്ലി മനുഷ്യനാണ്. ചില ദിവസങ്ങളിൽ അദ്ദേഹവും പരാജയപ്പെടും. പൂനയിൽ രണ്ട് ഇന്നിംഗ്സുകളിലും അദ്ദേഹം പരാജയപ്പെട്ടു. ഓഫ് സ്റ്റംപിനു പുറത്ത് പന്തെറിഞ്ഞ് കോഹ്ലിയെ കുടുക്കാനാണ് ഓസ്ട്രേലിയൻ ബൗളർമാർ ശ്രമിച്ചത്. മുന്‍പ് സ്റ്റുവർട്ട് ബ്രോഡും ജയിംസ് ആൻഡേഴ്സണും ഇത്തരത്തിൽ കോഹ്ലിക്കെതിരേ ബൗൾ ചെയ്തിട്ടുണ്ട്.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ബാറ്റുചെയ്യും മുന്‍പുതന്നെ മത്സരം അവസാനിച്ചിരുന്നു. 441 എന്നത് ആ ഗ്രൗണ്ടിൽ വലിയ വിജയലക്ഷ്യമാണ്. പക്ഷേ കോഹ്ലിയുടെ ക്ലാസ് വച്ച് അദ്ദേഹം തിരിച്ചുവരും. ഓസ്ട്രേലിയയ്ക്കെതിരായ അദ്ദേഹത്തിന്റെ റിക്കാർഡ് മികച്ചതാണ്- ഗാംഗുലി പറഞ്ഞു. കോഹ്ലിക്കു കീഴിൽ തുടർച്ചയായ 19 ടെസ്റ്റ് വിജയങ്ങൾ എന്നത് അതുല്യമാണെന്നും ഒരു തോൽവിയുടെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്നും ഗാംഗുലി വ്യക്തമാക്കി.
പൂന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ അക്കൗണ്ട് തുറക്കുംമുന്‍പ് പുറത്തായ കോഹ്ലിക്ക് രണ്ടാം ഇന്നിംഗ്സിൽ 13 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. മത്സരത്തിൽ ഇന്ത്യ 333 റണ്‍സിനു പരാജയപ്പെട്ടു.