കോല്‍ക്കത്ത: മോശം ഫോമിന്റെ പേരില്‍ വിമർശനങ്ങൾക്കു നടുവിൽ നിൽക്കുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ തിരുത്തി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി.
പന്ത് ഒരു അവസരം നഷ്ടപ്പെടുത്തുമ്പോള്‍ സ്റ്റേഡിയത്തിലെ ആളുകള്‍ ധോണിയുടെ പേര് വിളിച്ച് കളിയാക്കരുതെന്നും അത് മാന്യതയ്ക്ക് നിരക്കുന്നതല്ലെന്നും വ്യക്തമാക്കി കോലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍, കോലിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ പന്ത് ആ കളിയാക്കലുകളെല്ലാം കേള്‍ക്കട്ടെ എന്ന് വെയ്ക്കുമായിരുന്നുവെന്നുമാണ് ഗാംഗുലിയുടെ അഭിപ്രായം.
നമുക്ക് എപ്പോഴും എം.എസ് ധോണിമാരെ ലഭിക്കില്ലെന്നും ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന അപൂര്‍വ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് അദ്ദേഹമെന്നും ഗാംഗുലി പറഞ്ഞു. ഇന്ത്യാ ടുഡേ സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.