മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയം ചർച്ച ചെയ്തില്ലെന്ന് നിയുക്ത ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ബിജെപിയിൽ ചേർന്നേക്കുമെന്നുള്ള അഭ്യൂഹങ്ങളും ഗാംഗുലി തള്ളി. ആദ്യമായാണ് താൻ അമിത് ഷായെ കാണുന്നതെന്ന് ഗാംഗുലി പറഞ്ഞു.
സ്ഥാനം ലഭിക്കുമോയെന്നുള്ള ഒരു ചോദ്യവും കൂടിക്കാഴ്ചയിൽ ചോദിച്ചില്ല. അത് നടന്നാൽ മാത്രമേ സ്ഥാനം ലഭിക്കുകയുള്ളു എന്ന തരത്തിലും ചർച്ചയുണ്ടായില്ല. ഒരു തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങളും ഇല്ലെന്നും ഗാംഗുലി പറഞ്ഞു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കണ്ടപ്പോഴും താൻ ഇത്തരം രാഷ്ട്രീയ ചോദ്യങ്ങൾ കേട്ടിട്ടുണ്ടെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.
മാധ്യമ വാർത്തകളെ അമിത് ഷായും തള്ളിക്കളഞ്ഞു. ബിസിസിഐ പ്രസിഡന്റ് ആരാകണമെന്ന് താൻ തീരുമാനിച്ചിട്ടില്ല. ബിസിസിഐക്ക് അതിന്റേതായ തെരഞ്ഞെടുപ്പ് പ്രക്രിയയുണ്ടെന്നും ഷാ പറഞ്ഞു.
അമിത് ഷായുടെ മകനും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ ജയ് ഷായാണ് ബിസിസിഐ സെക്രട്ടറി. അനുരാഗ് ഠാക്കുറിന്റെ സഹോദരൻ അരുണ്‍ സിംഗ് ധുമാൽ ട്രഷററും ഗാംഗുലിയുടെ പിന്തുണയുള്ള കേരള ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് ജയേഷ് ജോർജ് ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ മുൻ താരവും കർണാടക ക്രിക്കറ്റ് അസോസിയേഷൻ, ബിസിസിഐ ഭാരവാഹിയുമായ ബ്രി ജേഷ് പട്ടേലാണ് ഐപിഎൽ ചെയർമാൻ സ്ഥാനത്ത് എത്തുക.