മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായേക്കുമെന്നാണ് സൂചന. മുൻ ക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേൽ പ്രസിഡന്റ് സ്ഥാനത്തെത്തുമെന്നായിരുന്നു നേരത്തേ അഭ്യൂഹമുയർന്നിരുന്നത്. എന്നാൽ ഇന്നലെ രാത്രി മുംബൈയിൽ നടന്ന ബിസിസിഐ യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലിയുടെ പേര് ഐകകണ്ഠ്യേന നിർദേശിക്കപ്പെട്ടെന്നാണ് അറിയുന്നത്.
നിലവിൽ ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റാണ് ഗാംഗുലി.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ പുതിയ സെക്രട്ടറിയും അരുണ്‍ ധുമാൽ ട്രഷററും ആയേക്കും. മുൻ ബിസിസിഐ പ്രസിഡന്റും കേന്ദ്ര ധനകാര്യസഹമന്ത്രിയുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരനാണ് അരുണ്‍ ധുമാൽ.
കേരള ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷൻ ജയേഷ് ജോർജിന്റെയും ആസാം ക്രിക്കറ്റ് ബോർഡ് അസോസിയേഷനിൽ നിന്നുള്ള ദേവജിത്തിന്റെയും പേരുകളാണ് ബിസിസിഐയുടെ ജോ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഒക്ടോബർ 23നാണ് ബിസിസി ഐയുടെ വാർഷിക പൊതുയോഗം. പുതിയ ഭാരവാഹികൾ അന്ന് ചുമതലയേക്കും.