മുംബൈ: സുപ്രീംകോടതി നിയോഗിച്ച ലോധ സമിതിയുടെ കൂളിംഗ് ഓഫ് നിയമത്തിൽ ഇളവുവരുത്താൻ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അധ്യക്ഷതയിൽ മുംബൈയിൽ ചേർന്ന 88-ാം ജനറൽ ബോഡി യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.
ബിസിസിഐയുടെ ഈ തീരുമാനം സുപ്രീംകോടതി അംഗീകരിക്കേണ്ടതുണ്ട്. അതിനാൽ അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിസിസിഐ. കൂളിംഗ് നിയമം ഒഴിവാക്കുന്നതോടെ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് സൗരവ് ഗാംഗുലിക്ക് 2024 വരെ തുടരാനാകും. അല്ലെങ്കിൽ അടുത്ത വർഷം സ്ഥാനമൊഴിയണം. സെക്രട്ടറി സ്ഥാനത്തുള്ള ജയ് ഷായ്ക്കും ഈ മാറ്റം ഉപകാരപ്പെടും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനാണ് ജയ് ഷാ.
നിലവിലെ നിയമപ്രകാരം ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനിലോ തുടർച്ചയായി ആറ് വർഷം ഭരണത്തിലിരുന്നാൽ കൂളിംഗ് ഓഫ് നിയമപ്രകാരം മൂന്ന് വർഷത്തേക്ക് ചുമതലകളിൽനിന്ന് വിട്ടു നിൽക്കണം. ബിസിസിഐ തലപ്പത്ത് എത്തും മുന്പ് ഗാംഗുലി അഞ്ച് വർഷക്കാലം ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായിരുന്നു.
ഭരണത്തിൽ പരിചയസന്പന്നരുടെ സാന്നിധ്യം ഉറപ്പാക്കാൻ കൂളിംഗ് ഓഫ് നിയമം ഒഴിവാക്കണമെന്നാണ് ബിസിസിഐയുടെ നിലപാട്. പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ കൂളിംഗ് ഓഫ് നിയമത്തിനു പുറത്തുകൊണ്ടുവരാനാണ് ബിസിസിഐ നീക്കം.