കോൽക്കത്ത: ബിസിസിഐയുടെ നിയുക്ത പ്രസിഡന്റ് സൗരവ് ഗാംഗുലി ടീം ഇന്ത്യക്കും ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും വ്യക്തമായ നിർദേശം നല്കി. പ്രധാന ടൂർണമെന്റുകൾ വിജയിക്കുന്നതിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി ശ്രദ്ധ ചെലുത്തണമെന്ന് ഗാംഗുലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷം കൊൽക്കത്തയിൽ തിരിച്ചെത്തിയപ്പോഴായിരുന്നു ഗാംഗുലിയുടെ പ്രതികരണം.
ഇന്ത്യ ഒരു നല്ല ടീമാണ്. ക്യാപ്റ്റൻ വിരാട് കോഹ്ലി ശ്രദ്ധിക്കേണ്ട ഒരു വിഷയമെന്തെന്നാൽ, നമുക്ക് അവസാനത്തെ ഏഴ് പ്രധാന ടൂർണമെന്റുകളിൽ വിജയിക്കാനായിട്ടില്ല എന്നതാണ്. വലിയ ടൂർണമെന്റുകളിൽ മികച്ച രീതിയിലാണ് ഇന്ത്യ കളിക്കാറ്, സെമിയും ഫൈനലും ഒഴികെ. വിരാടിന് അത് മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
അദ്ദേഹം ഒരു ചാന്പ്യൻ കളിക്കാരനാണ്- ഗാംഗുലി പറഞ്ഞു. 2013ലാണ് ഇന്ത്യ അവസാനമായി ഒരു ഐസിസി ടൂർണമെന്റ് വിജയിച്ചത്. എം.എസ്. ധോണിയുടെ കീഴിൽ അന്ന് ഇംഗ്ലണ്ടിൽ നടന്ന ചാന്പ്യൻസ് ട്രോഫി ഇന്ത്യ നേടി.
നാട്ടുകാരൻ കൂടിയായ ടെസ്റ്റ് വിക്കറ്റ് കീപ്പർ വൃഥിമാൻ സാഹ ബാറ്റിംഗിലും മികവ് കാണിക്കേണ്ടതുണ്ടെന്നും ഗാംഗുലി പറഞ്ഞു. 100 മത്സരങ്ങൾ കളിക്കണമെങ്കിൽ അദ്ദേഹം ബാറ്റിംഗിൽ കുറേക്കൂടി ശ്രദ്ധിക്കണമെന്ന് ഗാംഗുലി ഉപദേശിച്ചു.