കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷനിൽ വൻ നിരോധിത പുകയില ഉത്പന്ന വേട്ട. ബാഗ് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജബൽപുർ സ്വദേശികളായ അക്താരി ബീഗം, അൻസദ് എന്നിവരെ കോട്പാ ആക്ട് പ്രകാരം അറസ്റ്റു ചെയ്തു. ഹാൻസ്, ശംഭു, തുളസി, പാൻപരാഗ് അടക്കമുള്ളവയാണ് എത്തിച്ചത്.
എസ് 11 കോച്ചിൽനിന്ന് 440 പായ്ക്കറ്റുകളിലും 20 ടിന്നുകളിലും ആറു കുപ്പികളിലുമായി സൂക്ഷിച്ച 80 കിലോ കേരളത്തിൽ നിരോധിച്ച പുകയിലയാണു പിടിച്ചെടുത്തത്. ഇന്നലെ രാവിലെ 9.30നു കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയ ബംഗളൂരു -കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽനിന്നാണു നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
കോട്ടയം പിറവം റോഡ് മുതൽ റെയിൽവേ പോലീസും പോലീസ് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണു പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. മധ്യപ്രദേശത്തിൽനിന്നെത്തിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ചെറു പായ്ക്കറ്റുകൾ ചെറുകൂട്ടങ്ങളായി പായ്ക്കറ്റുകളിൽ തയാറാക്കി ബാഗിൽ കൊണ്ടുവരികയായിരുന്നു.
നിരോധിത പുകയില ഉത്പന്നങ്ങൾ ട്രെയിനിൽ കടത്തിക്കൊണ്ടു വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ എസ്ഐ ബിൻസ് ജോസഫ്, ആർപിഎഫ് സിഐ എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിനിൽ പരിശോധന നടത്തിയത്. ഇതേത്തുടർന്നാണ് റെയിൽവേ സ്റ്റേഷനിൽ ഐലൻഡ് എക്സ്പ്രസ് എത്തിയപ്പോൾ നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയത്.
തുടർന്നു സാധനങ്ങൾ പിടിച്ചെടുത്ത് റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി. എഎസ്ഐമാരായ നാസർ, രാജശേഖരൻ, സിസിൽ, കുര്യൻ, ദിലീപ്, എസ്സിപിഒ മധു, സിപിഒ സജിമോൻ, ഡബ്ല്യൂസിപിഒ നീതു, ആർപിഎഫ് എസ്ഐമാരായ വർഗീസ്, കുര്യാക്കോസ്, ജ്യോതി എന്നിവരാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.