കോട്ടയം: കഞ്ചാവ് ചെടി വനം വകുപ്പ് ഓഫീസിൽ വളർത്തിയത് റിപ്പോർട്ട് ചെയ്ത റെയ്ഞ്ച് ഓഫിസറെ സ്ഥലം മാറ്റിയതായി പരാതി. സംഭവത്തിൽ എരുമേലി റെയ്ഞ്ച് ഓഫീസർ ബി. ആർ. ജയനെയാണ് മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്.
എരുമേലി പ്ലാച്ചേരി ഡപ്യൂട്ടി വനം വകുപ്പ് ഓഫീസിന്റെ പരിസരങ്ങളിൽ കഞ്ചാവ് ചെടികൾ നട്ടുവർത്തിയതായി തെളിവുകൾ ലഭിച്ചെന്ന് ജയൻ ഡിഎഫ്ഒയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് ഈ മാസം 16 ന് പരിശോധന നടത്തുകയും, 21ന് ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നൽകുകയും ചെയ്തു.
റിപ്പോർട്ടിൽ ഈ ചെടികൾ ഉദ്യോഗസ്ഥർ നട്ടുവളർത്തിയതാണെന്നുള്ള താൽക്കാലിക ജീവനക്കാരന്റെ മൊഴിയും അടങ്ങിയിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് നൽകി രണ്ട് ദിവസത്തിന് ശേഷം മലപ്പുറത്തേക്ക് ജയനെ സ്ഥലം മാറ്റിയതായി ഉത്തരവ് വന്നു. രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ 40 ഗ്രോബാഗുകളിലായി കഞ്ചാവ് കൃഷി നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
എന്നാൽ പരിശോധന സംഘം വനം വകുപ്പ് ഓഫിസിൽ എത്തുന്നതിന് മുൻപേ ഗ്രോബാഗിലുണ്ടായിരുന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ച നിലയിലായിരുന്നു. എങ്കിലും ഇതിന്റെ അവശിഷ്ടങ്ങൾ ബാക്കി ഉണ്ടായിരുന്നു. കൂടാതെ ഉദ്യോഗസ്ഥരിൽ ഒരാൾ കഞ്ചാവ് കൃഷി നടത്തിയെന്ന് സമ്മതിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു.