മയക്കുമരുന്ന് സ്റ്റാമ്പ് വിറ്റ് തുടക്കം; ‘ബ്രോ’കള്‍ ഒപ്പം കൂടിയപ്പോള്‍ സംഘം വലുതായി; കൊച്ചിയിലും വാഗമണിലും നിശാപാര്‍ട്ടികളുമായി അരങ്ങു കൊഴുപ്പിച്ച സിപിഎം നേതാവിന്റെ മകനെയും കൂട്ടുകാരെയും എക്‌സൈസ് പൊക്കിയതിങ്ങനെ…

ആലുവ: ഇന്ന് ഏറ്റവുമധികം പ്രചാരമുള്ള മയക്കുമരുന്നിന്റെ വകഭേദങ്ങളിലൊന്നാണ് പോസ്റ്റല്‍ സ്റ്റാമ്പിന്റെ നാലിലൊന്നു വലുപ്പമുള്ള സ്റ്റിക്കര്‍. 2000 രൂപയാണ് ഇതിന്റെ കുറഞ്ഞ വില. ആവശ്യക്കാരേറുമ്പോള്‍ പലപ്പോഴും 5000 വരെയാകും. ഇത്തരം സ്റ്റാമ്പുകളടക്കമുള്ള മയക്കുമരുന്നുമായാണ് സിപിഎം നേതാവിന്റെ മകനെയും കൂട്ടുകാരെയും എക്‌സൈസ് പൊക്കിയത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യേക ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇവര്‍ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ‘ബ്രോ’ വിളിയുമായി ഒത്തുകൂടല്‍. വിദ്യാര്‍ഥികളെ കളത്തിലിറക്കിയാണ് ശൃംഗല വ്യാപിപ്പിക്കുന്നത്.

കൊച്ചി കേന്ദ്രീകരിച്ചു നടക്കുന്ന മയക്കുമരുന്നു വ്യാപാരം ഉന്നതരുടെ തണലിലാണ് തഴച്ചു വളരുന്നത്.സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം എം.സി. സുരേന്ദ്രന്റെ മകന്‍ തൃപ്പൂണിത്തറ കോട്ടപ്പുറം സാകേതത്തില്‍ സുരേഘ് സുരേന്ദ്രന്‍ (24), തൃപ്പൂണിത്തുറ സൗത്ത് ദേശത്ത് ദേവതി വീട്ടില്‍ ഗോവിന്ദ് വേണുഗോപാല്‍ (21), തൃപ്പൂണിത്തുറ മരട് ലക്ഷ്മിപ്രഭയില്‍ വിഗ്‌നേഷ് (25) എന്നിവരാണ് അറസ്റ്റിലായത്. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

എന്നാല്‍ മകനെ രക്ഷിക്കാന്‍ സിപിഎം നേടാത് യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് വിവരം. വര്‍ഷങ്ങളായി മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘം ആദ്യമായാണ് പിടിയിലായത്. വിഗ്നേശിന്റെ മാതാപിതാക്കള്‍ ഗള്‍ഫിലാണ്. ഇയാളുടെ വീട്ടിലാണ് ലഹരിമരുന്ന് ഉപഭോക്താക്കള്‍ ഒത്തുകൂടിയിരുന്നത്. മറ്റ് രണ്ട് പേരും ഭേദപ്പെട്ട സാമ്പത്തിക പശ്ചാത്തലത്തില്‍ ജീവിച്ച് വരുന്നവരാണ്.കൊച്ചി, വാഗമണ്‍, സൂര്യനെല്ലി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. രഹസ്യവിവരത്തെത്തുടര്‍ന്ന് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജി ലക്ഷ്മണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സുരേഘിന്റെ പക്കല്‍ നിന്നും 140 മില്ലിഗ്രാം എല്‍.എസ് ഡി. സ്റ്റാമ്പ് കണ്ടെടുത്തു.

രഹസ്യ വിവരത്തെത്തുടര്‍ന്നാണ് സുരേഘ് പിടിയിലായത്. തൃപ്പൂണിത്തുറ വടക്കേകോട്ട വാതിലിനു സമീപം പെട്രോള്‍ പമ്പിനടുത്ത് ഇടപാടുകാരെ കാത്തുനില്‍ക്കുമ്പോഴാണ് എക്‌സൈസ് സംഘം ഇയാളെ പൊക്കിയത്. പിന്നീട് ഇരുമ്പനം ജങ്ഷനില്‍ ട്രാഫിക് സിഗ്‌നലിന്റെ വടക്കുഭാഗത്തുനിന്ന് ഗോവിന്ദ് വേണുഗോപാലിനെ പിടികൂടി. ഇയാളില്‍നിന്ന് 2.74 ഗ്രാം, എം.ഡി.എം.എ. എന്ന സിന്തറ്റിക് മയക്കുമരുന്നും പിടിച്ചെടുത്തു. മരടു ഭാഗത്തു നിന്നുമാണ് വിഗ്നേഷിനെ പിടികൂടുന്നത്. 130 മില്ലിഗ്രാം മയക്കുമരുന്നു സ്റ്റാമ്പുകളും 15 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. എം.ഡി.എം.എ. മയക്കുമരുന്ന് അര ഗ്രാം കൈവശം വച്ചാല്‍പോലും കോടതി ജാമ്യംനല്‍കാത്ത കുറ്റമാണ്. ഒരു ഗ്രാമിന് 13,000 രൂപ വിലവരും. എല്‍.എസ് .ഡി. 20 മില്ലിയില്‍ കൂടുതല്‍ പിടിച്ചാലും ജാമ്യം ലഭിക്കില്ല. 22 മില്ലി ഉപയോഗിച്ചാണ് സ്റ്റാമ്പ് ഉണ്ടാക്കുന്നത്. കൊച്ചിയിലെ നിശാപാര്‍ട്ടികളില്‍ ഇവര്‍ സ്ഥിരമായി മയക്കു മരുന്നുകള്‍ എത്തിച്ചിരുന്നതായും വിവരം ലഭിച്ചു. ബംഗളുരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് തങ്ങള്‍ മയക്കുമരുന്നു വാങ്ങുന്നതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്. ഇവരെ പികൂടുന്നതോടെ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്ക് മരുന്ന് മാഫിയയെക്കുറിച്ച് സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് എക്‌സൈസ് കരുതുന്നത്.

 

Related posts