ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണസിയിൽ കഴിഞ്ഞ മാസം ആദ്യയാഴ്ചയിൽ സർക്കാർ ബുള്ളറ്റിൻ അനുസരിച്ചു മരിച്ചവർ 227 പേർ.
എന്നാൽ, നിരനിരയായുള്ള ചിതകളിൽ ഒരിക്കലും അഗ്നിയൊഴിയാത്ത വാരാണസിയിലെ മണികർണികാ ഘട്ടിൽ 1,500ൽ കുറയാതെ മൃതശരീരങ്ങൾ സംസ്കരിച്ചെന്നു ശ്മശാനം അധികൃതർ.
സാമൂഹ്യപ്രവർത്തകരുടെ കണക്കനുസരിച്ചു വാരാണസിയിലെ 13 ശ്മശാനങ്ങളിൽ 1,680 പേരെയെങ്കിലും സംസ്കരിച്ചു.
ഇതിൽ മൂന്നിലൊന്നെങ്കിലും കോവിഡ് മരണങ്ങളാണെന്നു ശ്മശാന അധികൃതർ പറയുന്നു.
ഗംഗാ നദിയിൽ ഒഴുക്കിയ 71 മൃതദേഹങ്ങൾ ബിഹാറിൽ മാത്രം കരയ്ക്കടുപ്പിച്ചതായി ബിഹാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിക്കടുത്ത് യുപിയിലെ ഗാസിപ്പുരിൽ കൂടുതൽ മൃതശരീരങ്ങൾ നദിയിൽ ഒഴുകി നടക്കുന്നത് ചൊവ്വാഴ്ച വീണ്ടും കണ്ടതായി ഗ്രാമവാസികൾ അറിയിച്ചിരുന്നു.
നേരത്തെ മൃതശരീരങ്ങൾ ഒഴുകി നടക്കുന്നതായി കണ്ടെത്തിയ സ്ഥലത്തിന് 50 കിലോമീറ്റർ അകലെയാണു ചൊവ്വാഴ്ച കൂടുതൽ മൃതശരീരങ്ങൾ കണ്ടത്.
നദികളിൽ മൃതശരീരങ്ങൾ കൂട്ടത്തോടെ ഒഴുകിനടക്കുന്ന ഫോട്ടോകളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം ആഗോള ശ്രദ്ധ നേടിയത്.
വെള്ളത്തിൽ കൂടി കോവിഡ് വ്യാപനം ഉണ്ടാകുമോയെന്ന ഭയപ്പാട് പൂർണമായും സ്ഥലത്തെ ഡോക്ടർമാർ തള്ളിക്കളയുന്നില്ല.
നദികളിൽ ഒഴുക്കിയ മൃതശരീരങ്ങളിൽ എത്രയെണ്ണം കോവിഡ് ബാധിതരുടേതാണെന്നു തിട്ടപ്പെടുത്തിയിട്ടുമില്ല.
സംസ്കരിക്കാൻ ആവശ്യമായ ചെലവുകൾക്കു പണമില്ലാതെയും മാന്യമായ സംസ്കാരത്തിനു വഴിയില്ലാതെയും കോവിഡ് ഭീതിയും മൂലമാണു സാധാരണക്കാർ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ടവരുടെ മൃതദേഹം ഗംഗാനദിയിൽ ഒഴുക്കിയതെന്നാണു റിപ്പോർട്ടുകൾ.
ലോക്ഡൗണിൽ കൂലിവേല പോലും ഇല്ലാതെ പട്ടിണിയിലായതിനാലാണ് പലരും മൃതശരീരം നദിയിലൊഴുക്കിയതെന്നു കരുതുന്നു.
കോവിഡ് മൂലം രാജ്യത്തു മരിച്ചവരുടെ എണ്ണം 2.5 ലക്ഷവും കടന്ന് ഉയരുകയാണ്. കോവിഡ് മൂലം മരിക്കുന്നവരിൽ പകുതിയോളം ആളുകളുടെ പേരുകൾ സർക്കാരിന്റെ കണക്കിൽ വരാറില്ലെന്ന പരാതി വ്യാപകവുമാണ്.
ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 4,205 പേർ കോവിഡ് മൂലം മരിച്ചു. പുതുതായി 3.48 ലക്ഷം കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ കോവിഡിന്റെ രണ്ടാം തരംഗത്തിൽ 37,04,099 സജീവ കേസുകളാണ് ഇന്നലെ രാജ്യത്തുള്ളത്. ഇതേവരെ മൊത്തം കേസുകൾ 2.33 കോടി കഴിഞ്ഞു.
ജോർജ് കള്ളിവയലിൽ