ചാരുംമൂട് : പാവക്കയ്ക്ക് ഗുണം ഏറെയാണെങ്കിലും പലരും കഴിക്കാൻ മടിക്കുന്നത് കയ്പ്പെന്ന കുറ്റം പറഞ്ഞാണല്ലോ. ഇവിടെ കയ്പ്പില്ലാത്ത പാവക്ക ഇനമായ ഗന്റോല വീട്ടുവളപ്പിലെ കൃഷിത്തോട്ടത്തിൽ വിജയകരമായി കൃഷിചെയ്ത് വിളവെടുത്തിരിക്കുകയാണ് കർഷകയും വീട്ടമ്മയുമായ റുബീന .
നൂറനാട് പാലമേൽ മുതുകാട്ടുകര മുറിയിലെ സൽമാൻ മൻസിലിൽ റുബിനയാണ് വീട്ടുവളപ്പിൽ ഗന്റോലം കൃഷി ചെയ്ത് വിജയകരമായി വിളവെടുത്തത്. ആസാമിലും കർണാടകയിലെ ഗോണി കുപ്പയിലും കർഷകർ ധാരാളമായി ഇത് കൃഷി ചെയ്യാറുണ്ട്.
ഇപ്പോൾ വയനാട്ടിലും ഗന്റോല കൃഷി വ്യാപകമാണ്. കിലോയ്ക്ക് 200 രൂപയോളമാണ് ഇതിന് വിപണയിലെ വില. എന്നാൽ നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഇത് കൃഷി ചെയ്യുന്നത് അപൂർവമാണ്.
നടീൽ വസ്തു കിഴങ്ങ് ഇനമായതിനാൽ ഒരിക്കൽ നട്ട് പരിപാലിച്ചാൽ വർഷങ്ങളോളം വളർന്ന് വിളവ് ലഭിക്കുമെന്ന പ്രത്യേകതയും ഈ കയ്പ്പില്ലാത്ത പാവക്ക കൃഷിയെ വേറിട്ട ുനിർത്തുന്നു. ഗന്റോലയ്ക്ക് പോഷക ഒൗഷധ ഗുണങ്ങൾ ഏറെയാണ്.
വീടിനോട് ചേർന്നുള്ള 15 സെന്റിലാണ് റുബിന കൃഷി ചെയ്തത് . കൂടാതെ ആട്, മുയൽ, കോഴി ഇവയെ വളർത്തി ഇതിലൂടെ വരുമാനവും റുബീന കണ്ടെത്തുന്നുണ്ട്.
റുബീനയുടെ ഭർത്താവ് ഷിബു വിദേശത്താണ്. ഇവർക്ക് രണ്ടു മക്കളാണ് ഉള്ളത് ഇവരും വാട്സ്ആപ് കൂട്ടായ്മകൾ വഴി പഠനത്തോടൊപ്പം ജൈവ കൃഷി ഉൾപ്പടെയുള്ള കൃഷി ചെയ്ത് നാടിനും കാർഷിക മേഖലക്കും മാതൃകയായി മാറിയിരിക്കുകയാണ്.
പാലമേൽ കൃഷിഭവൻ കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല കുട്ടി കർഷകരായി ഇവരെ തെരഞ്ഞെടുത്തിരുന്നു. അതിനാൽ മാതാവ് റുബീനയുടെ കൃഷിജോലികളിൽ മക്കളുടെ പൂർണ സഹകരണവുമുണ്ട്.
താമരക്കുളം വിവിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് സൽമാൻ ഷാ. സഹോദരി സന ഫാത്തിമ നൂറനാട് സിബി എം എച്ച്എസിൽ ഒന്പതാം ക്ലാസ് വിദ്യാർഥിനിയാണ്.