പ്രേക്ഷകരെ കുപ്പിയിലാക്കും ഈ സുന്ദരന്‍ ഗപ്പി റിവ്യു വായിക്കാം

gappy review

വി.ശ്രീകാന്ത്

ഗപ്പിയുടെ കഥ കുപ്പിയിലാക്കി ബിഗ് സ്ക്രീനിലേക്ക് സന്നിവേശിപ്പിച്ചപ്പോള്‍ ചെറുതെങ്കിലും ഈ അലങ്കാര മത്സ്യം സിനിമയിലെ വന്‍ സ്രാവുകള്‍ക്ക് മുന്നില്‍ തല ഉയര്‍ത്തി നിന്നു. ഇനി ഈ പേര്  മലയാളികള്‍ക്കിടയില്‍ പ്രിയങ്കരമാകുമെന്നതില്‍ തര്‍ക്കമില്ല. എന്തോന്നാണാവോ ഈ ഗപ്പിയെന്നു ചോദിക്കുന്നവരോട് പോയി കണ്ടു നോക്കിന്‍ സംഭവം സൂപ്പറാണെന്ന് നിസംശയം പറയാം. മിഴിവാര്‍ന്ന ഫ്രെയിമുകളാല്‍ സമ്പന്നമാണ് ഗെപ്പി. സ്ക്രീനില്‍ നിന്നും കണ്ണെടുപ്പിക്കാതിരിക്കാന്‍ പാകത്തിലുള്ള ഫ്രെയിമുകള്‍ സിനിമയിലുടനീളം മിന്നി മറിയുമ്പോള്‍ കാമറ കണ്ണുകള്‍ കൊണ്ട് മനസില്‍ തിരയിളക്കം ഉണ്ടാക്കിയ ഛായാഗ്രാഹകന് (ഗിരീഷ് ഗംഗാധരന്‍) മനസ് നിറച്ചൊരു ചിരി സമ്മാനിക്കാതിരിക്കാന്‍ കഴിയില്ല. തയ്യാറെടുപ്പുകള്‍ കിറു കൃത്യമായി നടത്തി തന്റെ ആദ്യ സംവിധാന സംരംഭം മികവുറ്റതാക്കിയ സംവിധായകനെന്നാവും ജോണ്‍ പോള്‍ ജോര്‍ജ് ഇനി അറിയപ്പെടുക.

ഓരോ സിനിമകള്‍ കഴിയുന്തോറും മികവ് കാട്ടി നായക പദവിയിലേക്ക് ചുവടുവെയ്ക്കുന്ന ടോവിനോയെ അന്തോണിച്ചന്‍ കോളനിയിലെ പിള്ളേര് ചില്ലറയൊന്നുമല്ല പാടുപെടുത്തിയത്. ഗെപ്പി (മാസ്റ്റര്‍ ചേതന്‍)യെന്ന് ചെല്ലപേരുള്ള മിഖായേലും സംഘവും പൂണ്ടു വിളയാടിയ മണ്ണിലേക്ക് വേരുറപ്പിക്കാന്‍ എന്‍ജിനിയര്‍ക്ക്(ടോവിനോ) നന്നേ പാടുപെടേണ്ടി വന്നു. കഥയുടെ രണ്ടാം പകുതിയില്‍ ചേതനോട് (ഗപ്പി) കിടപിടിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങളുമായി ടോവിനോ തിരിച്ചുവന്നെങ്കിലും സിനിമയുടെ അവസാന ഭാഗങ്ങളിലേക്കെത്തുമ്പോള്‍ ഗപ്പിയുടെ തന്മയത്വമുള്ള പ്രകടനം ആസ്വാദകരെ വീണ്ടും അവനിലേക്ക് അടുപ്പിക്കും.

ഗപ്പിയെന്ന അലങ്കാര മത്സ്യം വളര്‍ത്തി ഉപജീവനം നടത്തുന്ന മിഖായേലും പാലം പണിക്കായി അവിടേയ്‌ക്കെത്തുന്ന എന്‍ജിനിയറും തമ്മിലുണ്ടാകുന്ന ചെറിയ ചെറിയ അസ്വാരസ്യങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. വന്‍ താരനിരയെന്നതിലുപരി കഥാഗതിയ്ക്ക് അനുയോജ്യമായി താരങ്ങളെ ചിത്രത്തില്‍ അണി നിരത്തിയപ്പോള്‍ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മനസിലേക്കും അതിവേഗം ചേക്കേറി. സുധീര്‍ കരമനയും അലന്‍സിയറും രോഹിണിയും നോബിയും ദിലീഷ് പോത്തനും ശ്രീനിവാസനുമെല്ലാം കഥാഗതിക്ക് അനുസൃതമായി ഇണങ്ങി ചേര്‍ന്നപ്പോള്‍ ഗെപ്പിയെന്ന ഈ ചെറുമീന്‍ മനുഷ്യരുടെ ഈഗോയെ എടുത്ത് വെളിയില്‍ കളയാനുള്ളതാണെന്ന് പറഞ്ഞുവെയ്ക്കുന്നു.

കണ്ട് പഴകിയതെങ്കിലും ഒരു പെണ്‍കുട്ടിക്ക് പിന്നാലെ ഒരുപാട് പേര്‍ നടക്കുന്ന രംഗങ്ങള്‍ അവതരണത്തിലെ പുതുമ കൊണ്ട് ചിരി ഉണര്‍ത്തി. അമ്മയും(രോഹിണി) മകനും (ചേതന്‍) തമ്മിലുള്ള സ്‌നേഹം ഫ്രെയിമുകളിലെ കൈയടക്കവും അവതരണ മികവും കൊണ്ട് വേറിട്ടൊരു തലം നല്കുന്നതിലും ചിത്രം വിജയിച്ചു. ഗപ്പി ഒരു അലങ്കാര മത്സ്യം എന്നതിലുപരി സമൂഹത്തിന് എത്രത്തോളം ഗുണം ചെയ്യുന്ന ഒന്നാണെന്ന് ഈ ചിത്രം കണ്ടിറങ്ങുന്ന ഏതൊരാള്‍ക്കും ബോധ്യമാകും.

ചുറ്റുമുള്ളവരെ കാണാതെയുള്ള വികസനം നാടിന് ഗുണം ചെയ്യില്ലെന്ന് പറയാതെ പറയുന്ന സിനിമ മാറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മലയാളികള്‍ക്ക് ഇഷ്ടപ്പടുമെന്നതില്‍  തര്‍ക്കമില്ല. ഇന്റര്‍വെല്‍ അടുക്കുമ്പോഴുള്ള മെല്ലേപോക്കും ഒന്നോ രണ്ടോ രംഗങ്ങളും മാറ്റി നിര്‍ത്തിയിരുന്നെങ്കിലെന്ന് തോന്നിപ്പിച്ചെങ്കിലും അതെല്ലാം ഫ്രെയിമുകളുടെ സമ്പന്നതയില്‍ അങ്ങ് മുങ്ങി പോയി. കുപ്പിയില്‍ മാത്രമല്ല ബള്‍ബിലും പെട്രോമാക്‌സിലുമെല്ലാം ഗപ്പിയെ വളര്‍ത്താമെന്നും കൂടി സംവിധായകന്‍ കാട്ടി തരുമ്പോള്‍ തിയറ്ററില്‍ നിന്ന് ഇറങ്ങുന്ന ഏതൊരാളും ഗപ്പിയെ കുപ്പിയിലാക്കി വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നിയാല്‍ തെറ്റുപറയാന്‍ പറ്റില്ല.

Related posts