ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കാൻ സർവവും ചെയ്യുമെന്ന് ന്യൂസിലൻഡ് താരം മാർട്ടിൻ ഗപ്റ്റിൽ. 2015 ഫൈനലിൽ പ്രവേശിച്ചെങ്കിലും കിരീടം കൈയെത്തും ദൂരത്ത് ന്യൂസിലൻഡിനു നഷ്ടമായിരുന്നു. ഇത്തവണ ലോകകപ്പിലെ ഫേവറിറ്റുകളിൽ ഒന്നാണ് ഞങ്ങൾ. മികച്ച കളിക്കാരാണ് ടീമിലുള്ളത്. കിരീടത്തിനായി സർവവും സമർപ്പിച്ച് പോരാടാനൊരുങ്ങുകയാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കും- ഗപ്റ്റിൽ പറഞ്ഞു.
കിവീസ് കന്നി ഫൈനലിൽ പ്രവേശിച്ചപ്പോൾ മുപ്പത്തിരണ്ടുകാരനായ ഗപ്റ്റിലായിരുന്നു ടീമിന്റെ നെടുംതൂണ്. 68.37 ശരാശരിയിൽ 547 റണ്‍സ് കഴിഞ്ഞ ലോകകപ്പിൽ ഗപ്റ്റിൽ നേടി. ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും (237- വെസ്റ്റ് ഇൻഡീസിനെതിരേ ക്വാർട്ടറിൽ) കിവീസ് ഓപ്പണർ 2015ൽ സ്വന്തമാക്കിയിരുന്നു.