വാഴൂർ: പൊതുസ്ഥലത്തും വഴിയരികിലും മാലിന്യം വലിച്ചെറിയുന്നവരെ സംബന്ധിച്ച അറിയിപ്പ് നൽകുന്നവർക്ക് പ്രതിഫലം നൽകാനുള്ള തദ്ദേശഭരണ വകുപ്പിന്റെ തീരുമാനപ്രകാരം കോട്ടയം ജില്ലയിലെ ആദ്യ പാരിതോഷികത്തിന് വാഴൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെംബർ സുബിൻ നെടുമ്പുറം അർഹനായി.
മാലിന്യസംസ്കരണ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മാലിന്യം തള്ളുന്നവരെക്കുറിച്ച് കൃത്യമായി വിവരം നൽകുന്നവർക്ക് പ്രതിഫലം നൽകാനുള്ള തീരുമാനമെടുത്തത്.
ലഭ്യമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവർക്ക് പിഴ ചുമത്താനും പിഴയായി അടയ്ക്കുന്ന പണത്തിന്റെ 25 ശതമാനം വിവരം നൽകുന്ന വ്യക്തിക്ക് നൽകാനുമാണ് ഉത്തരവ്.
വാഴൂർ പഞ്ചായത്തിലെ പുളിക്കൽ കവലയ്ക്ക് സമീപം ചെല്ലിമറ്റം വളവിൽ ദേശീയ പാതയോരത്ത് മാലിന്യം തള്ളിയ പുളിക്കൽ കവലയിലെ ഹോട്ടൽ ഉടമയ്ക്കാണ് പിഴ ചുമത്തിയത്.
മാലിന്യം തള്ളിയ വ്യക്തിയെ സംബന്ധിച്ച് തെളിവ് സഹിതമാണ് വാർഡ് മെംബർ സുബിൻ നെടുന്പുറം പഞ്ചായത്ത് സെക്രട്ടറിക്ക് വിവരം നൽകിയത്.
ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് ഹോട്ടൽ ഉടമയ്ക്ക് പിഴ ചുമത്തുകയും പിഴ അടപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സുബിൻ നെടുമ്പുറത്തിന് പാരിതോഷികം നൽകാൻ പഞ്ചായത്ത് തീരുമാനിച്ചത്.
മുമ്പ് രണ്ടു തവണ സുബിൻ നെടുമ്പുറം മാലിന്യം തള്ളിയവരെ സംബന്ധിച്ച് വിവരം നൽകുകയും പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്.