പൂച്ചാക്കൽ: ജനവാസകേന്ദ്രത്തിൽ മാലിന്യം തള്ളിയവരെക്കൊണ്ട് തിരിച്ചെടുപ്പിച്ചു പിഴ ഈടാക്കി. മാലിന്യം തള്ളിയ ഹോട്ടലുകാരെ കൊണ്ടുതന്നെയാണ് മാലിന്യം തിരികെ മാറ്റിച്ചത്. കഴിഞ്ഞ രാത്രിയാണ് പാണാവള്ളി പഞ്ചായത്ത് ഓടമ്പള്ളി ഭാഗത്ത് മാലിന്യം തള്ളിയത്.
മാലിന്യത്തിൽനിന്നു ലഭിച്ച പേപ്പറിൽ ഹോട്ടലിന്റെ പേരു തിരിച്ചറിഞ്ഞതിനെത്തുടർന്നാണ് ഹോട്ടൽ പ്രതിനിധികളെ പഞ്ചായത്തിൽ വിളിച്ചു വരുത്തി മാലിന്യം നീക്കിക്കുകയും 20,000 രൂപ പിഴ അടപ്പിക്കുകയും ചെയ്തത്.
കൊച്ചി മേഖലയിൽനിന്നാണു മാലിന്യം എത്തിയത്. തൊട്ടടുത്തുള്ള തൈക്കാട്ടുശേരി പഞ്ചായത്തിലും സമാനരീതിയിലുള്ള സംഭവം ഉണ്ടായിട്ട് അധികനാൾ ആയിട്ടില്ല.
വിവാഹം പോലുള്ള പരിപാടികൾ കഴിയുമ്പോൾ വേസ്റ്റ് മാറ്റാനായി താത്കാലിക കരാർ എടുക്കുന്ന ചിലരാണ് ഇങ്ങനെ പ്രവർത്തിക്കുന്നത് എന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്.
ബ്രഹ്മപുരം പ്ലാന്റിൽ തീപിടിത്തം ഉണ്ടായതിന് ശേഷം കൊച്ചി മേഖലയിൽനിന്നു ജില്ലയുടെ വടക്കൻ പ്രദേശങ്ങളായ അരൂർ, പൂച്ചാക്കൽ, തൈക്കാട്ടുശേരി, തുറവൂർ എന്നീ മേഖലകളിലെ ദേശീയപാതയോരത്തും ജനവാസ കേന്ദ്രങ്ങളിലും ഇടത്തോടുകളിലും മാലിന്യം തള്ളുന്നത് പതിവാണ്.
രാത്രികാലങ്ങളിലാണ് വാഹനത്തിൽ തള്ളുന്നത്. ഇതുമൂലം തെരുവുനായ്കളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. മാലിന്യാവശിഷ്ടങ്ങൾ പറവകൾ കൊത്തി വലിച്ചു കുടിവെള്ള സ്രോതസുകളിലും വീട്ട് മുറ്റത്തും നിക്ഷേപിക്കുന്നതും പതിവുകാഴ്ച.
മാലിന്യം കുന്നുകൂടി ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുകയും ചെയ്യുന്നതിനാൽ വഴിയോരങ്ങളിലൂടെ കാൽ നടയാത്രക്കാർക്ക് പോലും മൂക്കു പൊത്തി സഞ്ചരിക്കേണ്ട സ്ഥിതിയാണ്.
മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി തൈക്കാട്ടുശേരി മേഖലയിൽ ലക്ഷങ്ങൾ മുടക്കി സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും പ്രവർത്തനരഹിതമാണ്.
മാലിന്യം പൊതുയിടങ്ങളിൽ നിക്ഷേപിക്കുന്നത് തടയാൻ പോലീസ്, ആരോഗ്യ വകുപ്പ് പരിശോധന ഊർജിതമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.