ചാലക്കുടി: ഗാർഹിക പീഡനക്കേസിലെ പ്രതി അഞ്ചു വർഷത്തിനുശേഷം അറസ്റ്റിൽ. കുറ്റിച്ചിറ പുളിങ്കര കൈതാരൻ ഷാജു(47)വിനെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷിന്റെ നിർദേശാനുസരണം എസ്ഐ ജയേഷ് ബാലൻ, ക്രൈം സ്ക്വാഡ് എസ്ഐ വി.എസ്.വത്സകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കോയന്പത്തൂർ പാപ്പനായ്ക്കം പാളയം മാർക്കറ്റ് റോഡിലെ അന്നപൂർണേശ്വരി ഹോട്ടലിനു സമീപത്തുനിന്നുമാണ് അറസ്റ്റ് ചെയ്തത്. ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പൂർത്തിയാക്കിയ ഷാജു വിദേശത്ത് ജോലി ചെയ്യുന്പോഴാണ് കുറ്റിക്കാട് സ്വദേശിനിയെ വിവാഹം ചെയ്തത്. വിവാഹശേഷം വിദേശത്തേക്ക് പോയ ഇയാൾ ക്രമേണ ലഹരിക്കടിമയായി മാറി.
തിരിച്ച് നാട്ടിലെത്തിയ ഇയാൾ ജോലിക്കൊന്നും പോകാതെ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിച്ച് വരികയായിരുന്നു. ഇതെച്ചൊല്ലി ഭാര്യയുമായി വഴക്കു പതിവായിരുന്ന ഷാജു ഭാര്യയെ ക്രൂരമായി മർദിക്കാറുണ്ടായിരുന്നു. സഹികെട്ട ഭാര്യ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഗാർഹിക പീഡനനിരോധന നിയമപ്രകാരം വെള്ളിക്കുളങ്ങര പോലീസ് കേസെടുത്തിരുന്നു.
ഇതേത്തുടർന്ന് ഉൗട്ടിയിലേക്ക് കടന്ന ഷാജു പിന്നീട് അപൂർവമായി മാത്രമേ നാട്ടിലെത്താറുണ്ടായിരുന്നുള്ളൂ. ഷാജുവിനെ തേടി പോലീസ് ഉൗട്ടിയിലെത്തിയതറിഞ്ഞ് അവിടെ നിന്നും മുങ്ങുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് കോയന്പത്തൂർ പി.എൻ.പാളയത്തുനിന്നും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എഎസ്ഐ ജിനു മോൻ തച്ചേത്ത്, സീനിയർ സിപിഒമാരായ സി.എ.ജോബ്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം.മൂസ, സിപിഒമാരായ വി.യു.സിൽജോ, എ.യു.റെജി, ഷിജോ തോമസ്, രാജേഷ് ചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.