കൊല്ലം: ഗരീബ് രഥ് കോച്ചുകൾ പൊടിതട്ടി മിനുക്കിയെടുത്ത് സ്പെഷൽ ട്രെയിനായി ഓടിച്ച് യാത്രക്കാരെ പിഴിയാൻ റെയിൽവേ. ഇത്തരത്തിൽ ഒരു ട്രെയിൻ നാളെ മുതൽ എറണാകുളത്തിനും ബംഗളുരുവിന് സമീപത്തെ യലഹങ്ക സ്റ്റേഷനും മധ്യേ ഓണം സ്പെഷലായി സർവീസ് നടത്താൻ റെയിൽവേ ബോർഡ് തീരുമാനിച്ചു.
പച്ചനിറത്തിലുള്ള ഗരീബ് രഥ് കോച്ചുകൾ കാലഹരണപ്പെട്ടതിനാൽ അവ ഘട്ടം ഘട്ടമായി ഒഴിവാക്കാൻ റെയിൽവേ തീരുമാനിച്ചതാണ്. പകരം എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തുമെന്നും അറിയിപ്പ് വന്നിരുന്നു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഗരീബ് രഥ് കോച്ചുകളുടെ നിർമാണം അവസാനിപ്പിച്ചിട്ട് മാസങ്ങളായി.
ഇപ്പോൾ ഗരീബ് രഥ് ട്രെയിനുകൾ കേരളത്തിൽ അടക്കം സർവീസ് റദ്ദാക്കിയിട്ടാണ് പകരം അവ സ്പെഷൽ ട്രെയിനായി ഓടിക്കുന്നത്.
ഇത്തരത്തിൽ റദ്ദാക്കിയ ശേഷം ചേപ്പാട് സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ലോകമാന്യതിലക് -കൊച്ചുവേളി (12201/12202) ഗരീബ് രഥ് എക്സ്പ്രസിന്റെ 13 കോച്ചുകളാണ് നാളെ മുതൽ ആരംഭിക്കുന്ന എറണാകുളം – യലഹങ്ക സർവീസിന് ഉപയോഗിക്കുകയെന്നും റെയിൽവേയുടെ അറിയിപ്പിൽ തന്നെ പറയുന്നുണ്ട്.
ത്രൈവാര സൂപ്പർ ഫാസ്റ്റ് ഗരീബ് രഥ് സ്പെഷൽ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. സൂപ്പർ ഫാസ്റ്റ് ആയതിനാൽ ടിക്കറ്റ് നിരക്കിൽ ഗണ്യമായ വർധനയും ഉണ്ട്. ഇത്തരം സ്പെഷൽ ട്രെയിനുകൾ ഏർപ്പെടുത്തി ഓണക്കാലത്ത് മലയാളികളായ യാത്രക്കാരെ അമിത നിരക്ക് ഈടാക്കി കൊള്ളയടിക്കുകയാണ് റെയിൽവേ ചെയ്യുന്നത്.
06101 എറണാകുളം – യലഹങ്ക സൂപ്പർ ഫാസ്റ്റ് ട്രെയിൻ എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.40 ന് പുറപ്പെട്ട് രാത്രി 11-ന് യലഹങ്കയിൽ എത്തും. സെപ്റ്റംബർ ഒന്നിനും ആറിനും മധ്യേ ഞായർ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്.06102 യലഹങ്ക – എറണാകുളം സൂപ്പർഫാസ്റ്റ് സർവീസ് രാവിലെ അഞ്ചിന് യലഹങ്കയിൽ നിന്ന് തിരിച്ച് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളത്ത് എത്തും. സെപ്റ്റംബർ രണ്ടിനും ഏഴിനും തിങ്കൾ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് സർവീസ്.
ഈ ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് ബെഡ് റോളുകൾ വിതരണം ചെയ്യില്ലന്നും ചെന്നൈ ഡിവിഷൻ അധികൃതരുടെ അറിയിപ്പിൽ പറയുന്നു. ഇവ യാത്രക്കാർക്ക് നൽകേണ്ടെന്ന് കൊമേഴ്സ്യൽ വിഭാഗത്തിന്റെ നിർദേശവുമുണ്ട്. ലാഭകരമാണെങ്കിൽ ഈ സർവീസ് സെപ്റ്റംബർ അവസാനം വരെ നീട്ടാനുള്ള സാധ്യതയുമുണ്ട്.
അതേ സമയം ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തതിനാൽ നാളത്തെ 06037 ചെന്നൈ എഗ്മോർ – വേളാങ്കണ്ണി എക്സ്പ്രസ് സ്പെഷലും അടുത്ത ദിവസത്തെ തിരികെയുള്ള സർവീസും (06038) പൂർണമായും റദ്ദാക്കിയതായും ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
സർവീസ് നിർത്തിവച്ച ബംഗളുരു – എറണാകുളം ത്രൈവാര വന്ദേ ഭാരത് എക്സ്പ്രസ് സ്പെഷലിന്റെ കോച്ചുകൾ എറണാകുളം സൗത്ത് സ്റ്റേഷനിൽ കിടപ്പുണ്ടായിരുന്നു. സർവീസ് പുനരാംരംഭിക്കണമെന്ന ആവശ്യവും യാത്രക്കാരുടെ പ്രതിഷേധവും ശക്തമായതോടെ ഈ കോച്ചുകൾ പിന്നീട് കൊച്ചുവേളിക്കും തുടർന്ന് വർക്കല സ്റ്റേഷനിലും മാറ്റിയിട്ടു. എട്ട് കോച്ചുകൾ ഉള്ള ഈ വന്ദേഭാരത് ഇന്ന് രാവിലെ വർക്കലയിൽ നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് കൊണ്ടു പോയിട്ടുണ്ട്.
എസ്.ആർ. സുധീർ കുമാർ