കൊല്ലം: രാജ്യത്ത് സർവീസ് നടത്തുന്ന ഗരീബ് രഥ് ട്രെയിനുകളിലെ പഴയ കോച്ചുകൾ പൂർണമായും പിൻവലിക്കാൻ റെയിൽവേ ബോർഡ് തീരുമാനം.
ഇപ്പോൾ രാജ്യത്ത് 52 ഗരീബ് രഥ് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. ഇവയിൽ എല്ലാം പഴയ കോച്ചുകൾ മാറ്റി പകരം പുതുതായി രൂപകൽപ്പന ചെയ്തതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ എസി ഇക്കണോമി കോച്ചുകൾ ഏർപ്പെടുത്താനാണ് തീരുമാനം.
ഇത്തരം കോച്ചുകളുടെ നിർമാണം കപൂർത്തല യിലെ റെയിൽ കോച്ച് ഫാക്ടറി, ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി, റായ്ബറേലിയിലെ കോച്ച് ഫാക്ടറി എന്നിവിടങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
നിലവിൽ ഗരീബ് രഥിലെ പഴയ കോച്ചുകൾ ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമിച്ചവയാണ്. ഏതാനും മാസം മുമ്പ് ഇത്തരം കോച്ചുകളുടെ നിർമാണം പൂർണമായും റെയിൽവേ ഉപേക്ഷിക്കുകയുണ്ടായി.
നിലവിൽ ഗരീബ് രഥിൽ തേർഡ് എസി, സെക്കൻഡ് ക്ലാസ് എസി, എസി ചെയർ കാറുകൾ എന്നിവയാണ് ഉണ്ടായിരുന്നത്. ഓരോ കോച്ചിലും 72 ബർത്തുകളും ഉണ്ടായിരുന്നു.
എന്നാൽ പുതിയ ഇക്കണോമി ക്ലാസ് രീതിയിലേക്ക് മാറുമ്പോൾ ഗരീബ് രഥ് ട്രെയിനുകളിൽ 18 തേർഡ് ഏസി ഇക്കണോമി കോച്ചുകൾ ഉൾപ്പെടെ 20 കോച്ചുകൾ ഉണ്ടാകും. ഇവയിൽ ഓരോന്നിലും 82 ബർത്തുകളും ഉണ്ട്. എന്നാൽ ഗരീബ് രഥ് ട്രെയിനുകളിൽ ഈ മാറ്റം വരുമ്പോൾ എസി ചെയർ കാറുകൾ ഉണ്ടാകില്ല. പഴയ കോച്ചുകളെ അപേക്ഷിച്ച് കൂടുതൽ സുഖകരവും സുരക്ഷിതവുമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നവയാണ് പുതിയ ഇക്കണോമി എൽഎച്ച്ബി കോച്ചുകൾ.
നിലവിൽ ചില ഗരീബ് രഥ് ട്രെയിനുകളിൽ എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്തി കഴിഞ്ഞു. ഇവയിൽ നിന്നു കൂടുതൽ മെച്ചപ്പെട്ട കോച്ചുകളായിരിക്കും ഇനി പുതുതായി ഏർപ്പെടുത്തുക. അടുത്ത മാസം മുതൽ ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കി തുടങ്ങും.