ടെൽ അവീവ്: ഗറില്ല മാതൃകയിലുള്ള പോരാട്ടമാണ് ഹമാസ് ഗാസയിൽ നടത്തുന്നതെന്നും അവരുടെ ഭൂഗർഭ തുരങ്കങ്ങളെല്ലാം തകർക്കുമെന്നും ഇസ്രയേൽ. ഹമാസ് പ്രവർത്തകർ ഗാസയിലെ വീടുകളിൽ ഒളിച്ചിരുന്നും ആക്രമണം നടത്തുന്നുണ്ട്.
ഗാസ നഗരം പൂർണമായും വളഞ്ഞു കഴിഞ്ഞെന്നും വെടിനിർത്തൽ അജണ്ടയിലേ ഇല്ലെന്നും ഇസ്രയേൽ സൈനിക വക്താവ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഹമാസ് കേന്ദ്രങ്ങൾക്കും താവളങ്ങൾക്കും നേരെ കനത്ത ആക്രമണമാണ് ഇസ്രയേൽ നടക്കുന്നത്. ഗാസയിലെ മിക്ക സ്കൂൾ കെട്ടിടങ്ങളും ഇസ്രയേൽ ആക്രമണത്തിൽ തകർന്നു.
കൊല്ലപ്പെട്ടവരുടെ എണ്ണം 9061 ആയി. 32,000 പേർക്കാണ് പരിക്കേറ്റത്. ഗാസ സിറ്റിയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പോരാട്ടം മാറുന്നതോടെ മരണസംഖ്യ ഇനിയും ഉയരും.
പലസ്തീൻ ജനത വംശഹത്യയുടെ വക്കിലാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. ഗാസയിലെ ജബാലിയ അഭയാർഥി ക്യാമ്പിനുനേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 195 ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ് നേതാക്കൾ സ്ഥിരീകരിച്ചു.
ലബനോൻ അതിർത്തിയിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.