വടക്കഞ്ചേരി: കറികളിലും അച്ചാർ കൂട്ടുകളിലും ഒഴിവാക്കാനാകാത്ത വെളുത്തുള്ളി ചില്ലറ വില്പന കടകളിൽ കിട്ടാനില്ല. ഉയർന്ന വിലയാണ് കച്ചവടക്കാർ വെളുത്തുള്ളി സ്റ്റോക്ക് ഉപേക്ഷിക്കാൻ കാരണമാകുന്നത്.
കേട്ടാൽ ഞെട്ടുന്ന വിലയാണ് ഇപ്പോൾ വെളുത്തുള്ളിക്ക്. കിലോ വില 500 രൂപക്കടുത്തെത്തി.ഇത്രയും ഉയർന്ന വില ഇതാദ്യമാണെന്ന് പറയുന്നു. ഉത്പാദന കുറവും ആവശ്യം കൂടിയതുമാണ് ക്ഷാമത്തിന് കാരണമാകുന്നത്.
വലിയ വെള്ളുള്ളി മാത്രമെ കടകളിൽ ലഭ്യമാകുന്നുള്ളു. വീര്യം കൂടിയ ചെറിയ വെള്ളുള്ളി കാണാൻ പോലുമില്ല. 30 പരം ഇനങ്ങൾ വരുന്ന പച്ചക്കറി കടകളിലെ വില സൂചിക ബോർഡിൽ നൂറ് ഗ്രാമിന് 100 രൂപയിൽ കൂടുതൽ വിലയുള്ളത് രോഗ പ്രതിരോധശേഷിക്കു വരെ ഉപയോഗിക്കുന്ന വെള്ളുള്ളിക്ക് മാത്രമാണ്.
പച്ചമാങ്ങയാണ് രണ്ടാം സ്ഥാനത്ത് കിലോ വില നൂറിനടുത്തുണ്ട്. നെല്ലിക്ക, പച്മുളക്, ചേമ്പ് തുടങ്ങിയ ഇനങ്ങൾ 70 രൂപയ്ക്ക് മുകളിലാണ്.
സീസണായിട്ടും കറിക്കുള്ള മൂവാണ്ടൻ മാങ്ങ കിലോക്ക് 120 രൂപയ്ക്ക് വിൽക്കുന്ന സ്ഥലങ്ങളുമുണ്ട്. എളവാ (കുമ്പളങ്ങ) നാണ് പച്ചക്കറി കടകളിലെ വിലകുറഞ്ഞ ഇനം. ഇതും അത്ര പുറകിലൊന്നുമല്ല. കിലോക്ക് 30 രൂപയിൽ കൂടുതലുണ്ട്.