ജീവിതത്തിൽ ഒരു പ്രായം കഴിഞ്ഞാൽ പിന്നെ വിശ്രമിക്കണമെന്നാണ് ചിലരുടെ നിലപാട്. ആവശ്യത്തിന് പണം സന്പാദിച്ച് കഴിഞ്ഞാൽ പിന്നെ വിശ്രമിക്കുന്നതിന് എന്താണ് പ്രശ്നമെന്നാണ് ചിലർ ചിന്തിക്കുന്നത്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ വിശ്രമിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ പ്രവർത്തകരും പറയുന്നത്. എന്നാൽ ആവശ്യത്തിന് വ്യായാമം ചെയ്തില്ലെങ്കിൽ വിശ്രമകാലം പെട്ടെന്ന് അസുഖങ്ങളുടെ കാലമായി മാറും.
അതുകൊണ്ടാണ് 98-ാമക്കെ വയസിലും താൻ ജോലി ചെയ്യുന്നതെന്നാണ് വിജയ് പാൽ സിംഗ് പറയുന്നത്. ആരാണ് വിജയ് പാൽ സിംഗ് എന്നല്ലേ നിങ്ങൾ ചിന്തിക്കുന്നത്? ഉത്തർപ്രദേശിലെ റായ് ബറേലി സ്വദേശിയാണ് വിജയ് പാൽ സിംഗ്.
ചണ ചാട്ട് എന്ന വിഭവം ഉണ്ടാക്കി വിൽക്കുകയാണ് ഇദ്ദേഹത്തിന്റെ ജോലി. എല്ലാ ദിവസവും ഗ്രാമത്തിനു പുറത്തുള്ള സ്ഥലത്തേക്ക് നടന്നെത്തി ജോലി ചെയ്യും.
ചണ ചാട്ട് കഴിക്കാനെത്തിയ ഒരാള് വിജയ് പാലിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചു.
ഇതോടെയാണ് ഇദ്ദേഹം വൈറലായത്. വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് സർക്കാർ വിജയ് പാല് സിംഗിനെ ആദരിക്കുകയും ചെയ്തു.
ഇദ്ദേഹത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫിസിലേക്ക് ക്ഷണിച്ച് 11,000 രൂപയും വാക്കിങ് സ്റ്റിക്കും ഷാളും നൽകി. വീടുനന്നാക്കാനുള്ള പണവും നൽകുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്