കൊല്ലങ്കോട്: കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടർന്നു തകർന്ന ആലന്പള്ളം ചപ്പാത്തി പാലത്തിൽ നാമമാത്രമായി നടത്തിയിരുന്ന വാഹനഗതാഗതവും നിലയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാലത്തിന്റെ മധ്യഭാഗത്തെ സ്ലാബ് പൊട്ടി വൻഗർത്തമാണ് രൂപംകൊണ്ടിരിക്കുന്നത്.
നിലവിൽ ഇതുവഴി ഇരുചക്രവാഹനങ്ങൾക്കു മാത്രമേ സഞ്ചരിക്കാനാകൂ. ശ്രദ്ധിച്ചില്ലെങ്കിൽ ചെറിയ വാഹനങ്ങൾപോലും പാലത്തിൽനിന്നും താഴെ വീഴുന്ന സാഹചര്യമാണുള്ളത്. പ്രളയജലത്തിൽ പാലത്തിന്റെ പതിനഞ്ചുമീറ്റർ ഭാഗം തകർന്നിരുന്നു.
പ്രളയം കഴിഞ്ഞ് ഏഴുമാസമായിട്ടും പുനർനിർമാണം വൈകുന്നതിൽ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. പാലം തകർന്നതിനാൽ ഉൗട്ടറ, വി.പി.തറ, ആലന്പള്ളം, വരട്ടയാർ, പുഴയ്ക്കൽത്തറ, മൈലാപ്പുത്തറ എന്നിവിടങ്ങളിലെ താമസക്കാരായ നൂറുക്കണക്കിനു കുടുംബങ്ങൾ ഗതാഗതസൗകര്യമില്ലാതെ ദുരിതത്തിലാണ്.
പാലത്തിന്റെ ദുർബലാവസ്ഥ അവഗണിച്ച് രാത്രിസമയങ്ങളിൽ ഭാരംകയറ്റിയ വലിയ വാഹനങ്ങൾ സഞ്ചരിക്കുന്നതാണ് വൻതകർച്ചയ്ക്കും നടവഴിപോലുമില്ലാത്തവിധം തടസപ്പെടുന്നതിനും കാരണമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
പാലത്തിന്റെ പുനർനിർമാണത്തിനു എംഎൽഎ ഫണ്ടിൽനിന്നും ഏഴുലക്ഷം രൂപ അനുവദിച്ചതായി പറയപ്പെടുന്നുണ്ടെങ്കിലും ജോലികൾ എന്നു തുടങ്ങുമെന്ന കാര്യത്തിൽ യാത്രക്കാരുടെ ആശങ്ക തുടരുകയാണ്.