മട്ടന്നൂർ: തുണി അലക്കുന്നതിനിടെ വീട്ടുമുറ്റത്ത് രൂപപ്പെട്ട ഗർത്തത്തിൽ താഴ്ന്ന വീട്ടമ്മ അടുത്ത വീട്ടിലെ കിണറ്റിലെത്തി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കൂടാളി പഞ്ചായത്തിലെ ആയിപ്പുഴയിലാണ് സംഭവം.
ആയിപ്പുഴയിലെ കിണാക്കൂൽ ആലക്കണ്ടി വീട്ടിൽ ഉമൈബ (46) ആണ് സ്വന്തം വീട്ടുമുറ്റത്ത് വസ്ത്രം അലക്കുന്നതിനിടെ രൂപപ്പെട്ട ഗർത്തത്തിൽ താഴ്ന്ന് എട്ട് മീറ്റർ അകലെയുള്ള അടുത്ത വീട്ടിലെ കിണറ്റിൽ വീണത്.
17 അടി താഴ്ചയിൽ വീണ ഉമൈബ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കിണറ്റിൽ വലിയ ശബ്ദത്തോടെ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെ വീട്ടുകാർ ഓടിയെത്തി നോക്കിയപ്പോഴാണ് അയൽവീട്ടുകാരിയെ കിണറ്റിൽ കണ്ടത്.
വിവരമറിഞ്ഞ് മട്ടന്നൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തുന്നതിനുമുമ്പേ വീട്ടമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. സ്റ്റേഷൻ ഓഫീസർ ടി.വി. ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.