ചിറ്റൂർ: വിളയോടി-വണ്ടിത്താവളം പാതയിൽ റോഡിടിഞ്ഞ് തകർന്ന് വാഹനസഞ്ചാരം ഭീതിജനകമായി. അലയാർകുളം ബണ്ടിനോടു ചേർന്ന പാതയിലാണ് വൻഗർത്തം രൂപപ്പെട്ടത്. ഒരുമാസംമുന്പ് നാട്ടുകാർ ഗർത്തത്തിൽ മണ്ണിട്ടുനികത്തി വാഹനയാത്രക്കാർക്ക് അപകടം തിരിച്ചറിയുന്നതിനു രണ്ടു വീപ്പകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ മണ്ണൊഴുകിപോയി വീണ്ടും വലിയ ഗർത്തം രൂപപ്പെട്ടു. നിലവിൽ റോഡിന്റെ അടിഭാഗത്തേക്കും ഗർത്തം വ്യാപിച്ചിരിക്കുകയാണ്. പതിനഞ്ചോളം ബസുകളും ഇരുപതിൽപരം കോളജ്, സ്കൂൾ ബസുകളും സഞ്ചരിക്കുന്നത് ഈ പാതയിലൂടെയാണ്. യു ആകൃതിയിലുള്ള വളവുറോഡിൽ വാഹനം ഓടിക്കുന്നവർക്ക് ദൂരെനിന്നും മറ്റു വാഹനങ്ങൾ വരുന്നത് തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്.
വാഹനങ്ങൾ ഗർത്തത്തിനടുത്ത് എത്തുന്നതോടെ വലതുവശത്തേക്ക് വെട്ടിതിരിക്കുന്നതു പതിവാണ്.ഒരു വാഹനത്തിനു മാത്രം സഞ്ചരിക്കാനുള്ള വീതിയേ റോഡിനുള്ളൂ. റോഡിന്റെ പടിഞ്ഞാറുഭാഗത്ത് പത്തടി താഴ്ചയിലുള്ള രണ്ടേക്കർ വിസ്തൃതിയുള്ള കുളമാണ്.
രാത്രിസമയങ്ങളിൽ എതിരേനിന്നും വരുന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റിൽ ഇരുചക്രവാഹനം മറിഞ്ഞ് അപകടങ്ങളും പതിവാണ്. മീനാക്ഷിപുരം, നെല്ലിമേട്, കന്നിമാരി, പാട്ടികുളം, നന്ദിയോട്, തണ്ണീർപന്തൽ, മുതലമട ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായ ചിറ്റൂരിലേക്കു യാത്രക്കാർ സഞ്ചരിക്കുന്ന പ്രധാനവഴിയിലാണ് അപകടഭീഷണിയായ ഗർത്തം നിലകൊള്ളുന്നത്.