പത്തനംതിട്ട: ഏഴംകുളം ദേവീക്ഷേത്രത്തില്‍ കുംഭഭരണിയോടനുബന്ധിച്ചുള്ള തൂക്ക വഴിപാടിനിടെ തൂക്കവില്ലില്‍ നിന്നു വീണ് ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് പരിക്ക്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പോലീസ്. അടൂര്‍ പോലീസാണ് കേസെടുത്തത്.
ശനിയാഴ്ച രാത്രി പന്ത്രണ്ടോടെയാണ് സംഭവം. പുനലൂര്‍ സ്വദേശികളായ ദമ്പതികളുടെ കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. കൈയ്ക്ക് സാരമായി പരിക്കേറ്റ കുട്ടിയെ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ എടുത്തുള്ള തൂക്കം നടക്കുമ്പോള്‍ തൂക്കക്കാരന്റെ കൈയില്‍നിന്ന് കുട്ടി വഴുതി നിലത്ത് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
പത്തടിയോളം ഉയരത്തില്‍നിന്നാണ് കുട്ടി വീണത്. സംസ്ഥാന ബാലാവകാശ കമ്മീഷന് സംഭവത്തില്‍ കേസെടുത്തു. റിപ്പോര്‍ട്ട് നല്കാന് ജില്ലാ ശിശുക്ഷേമ സമിതിയോട് കമ്മീഷന് ആവശ്യപ്പെട്ടു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.