തൃശൂർ: പാചകവാതകത്തിന് വില കുറയ്ക്കുമെന്ന വിവരം മുൻ കൂ്ട്ടി അറിഞ്ഞതിനെ തുടർന്ന് ഗ്യാസ് ഏജൻസികൾ തിരക്കിട്ട് ഇന്നലെ വിതരണം പൂർത്തിയാക്കി. സബ്സിഡിയുള്ള പാചകവാതകത്തിന് 6.52 രൂപയാണ് കുറച്ചത്. ഇത് മനസിലാക്കിയാണ് നേരത്തെ ബുക്ക് ചെയ്തിരുന്ന എല്ലാവർക്കും തിരക്കിട്ട് രാത്രി വൈകി വരെ പാചകവാതകം വീടുകളിൽ എത്തിച്ചതത്രേ. ഒരു സിലിണ്ടറിന് 969 രൂപയാണ് ബുക്കിംഗ് ചെയ്യുന്പോൾ ചാർജ് കാണിക്കുന്നത്.
എന്നാൽ വീടുകളിൽ എത്തിക്കുന്പോൾ 990 രൂപയും ആയിരം രൂപയും വരെ ഏജൻസികൾ വാങ്ങിക്കും. സർവീസ് ചാർജായാണ് കൂടുതൽ തുക് വാങ്ങിക്കുന്നതെന്നാണ് വിശദീകരണം. ബിൽ തരുന്പോൾ 969 രൂപയുടെ ബിൽ മാത്രമേ നൽകൂ.
കൂടുതൽ വാങ്ങുന്നത് ചോദ്യം ചെയ്താൽ പിന്നെ സിലിണ്ടർ കൊണ്ടുവരുന്നത് പരമാവധി വൈകിക്കും. അല്ലെങ്കിൽ വീടുകളിൽ ആളില്ലെന്ന പേരിൽ മടക്കി കൊണ്ടുപോയി വിതരണം വൈകിക്കും. ബുക്ക് ചെയ്തയുടൻ തന്നെ ഇന്നലെ പലർക്കും സിലിണ്ടർ എത്തിച്ചിട്ടുണ്ടത്രേ. ബുക്ക് ചെയ്തയുടൻ സിലിണ്ടർ കിട്ടിയവരും അന്തംവിട്ടു. ഇന്നു രാവിലെയാണ് കാര്യങ്ങൾ വ്യക്തമായത്.
സിലിണ്ടറിന് ചാർജ് കുറച്ചതിനാലാണ് എത്രയും വേഗം കൊണ്ടുവന്ന് തന്നതെന്ന് ബോധ്യമായത്. എ്ന്നാൽ ചാർജ് കൂട്ടുമെന്ന് കേട്ടിരുന്നെങ്കിൽ അത് നടപ്പിലാക്കിയതിനുശേഷം മാത്രമേ സിലിണ്ടർ കൊണ്ടുവരികയുള്ളൂ. ഡെലിവറി ബില്ലുകളിൽ ക്രിത്രിമം നടത്തി കുറച്ച ചാർജ് കൈക്കലാക്കാനുള്ള ചില ഗൂഢനീക്കങ്ങളും ഇത്തരം നീക്കങ്ങളുടെ പിന്നിലുണ്ടത്രേ.
കൂടാതെ ചാർജ് കൂട്ടുന്നതും കുറയ്ക്കുന്നതുമൊക്കെ ഉപഭോക്താക്കൾ അറിയുന്നതിനുമുന്പ് ഏജൻസികൾക്ക് സൂചന നൽകാൻ ആളുകളുണ്ടെന്നതാണ് ഇത്തരം നീക്കങ്ങൾ നടത്താൻ അവസരം ലഭിക്കുന്നത്. സിലിണ്ടർ വിതരണം ഇന്നു ലഭിക്കുന്നവർക്ക് കുറച്ച വില നൽകിയാൽ മതിയാകും. സബ്സിഡിയില്ലാത്ത പാചകവാതകത്തിന് 133 രൂപയും കുറച്ചിട്ടുണ്ട്. ഈ സിലിണ്ടറുകളും ഇ്ന്നലെ തന്നെ എത്തിച്ചിരുന്നു.