കൊട്ടിയൂർ: ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്ന പാചക വാതക സിലിണ്ടറുകൾക്ക് അമിത വില ഈടാക്കുന്നതായി പരാതി. കൂടാതെ ബിൽ ആവശ്യപ്പെട്ടാൽ ഏജൻസി ബില്ല് തരുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്പായത്തോട് ജ്വാല ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിലുള്ള എച്ച്പിയുടെ വിതരണക്കാരായ പിഎംജെ ഏജൻസിക്കെതിരേ ജില്ലാ കളക്ടർ, താലൂക്ക് സപ്ലൈ ഓഫീസർ, സബ് കളക്ടർ മാനന്തവാടി എന്നിവർക്ക് പരാതി നൽകി.
കൊട്ടിയൂർ, അന്പായത്തോട് പ്രദേശങ്ങളിൽ വിതരണം ചെയ്യുന്ന എച്ച്പിയുടെ മാനന്തവാടി പിഎംജെ ഏജൻസിയിൽനിന്നു വരുന്ന ഗ്യാസ് സിലിണ്ടറുകൾക്കാണ് ഉപഭോക്താക്കൾ ബിൽ ആവശ്യപ്പെട്ടാൽ ബില്ല് നൽകാത്തത്. മറ്റ് പ്രദേശങ്ങളിൽനിന്നും ഗ്യാസ് സിലിണ്ടർ ഇങ്ങോട്ടുവരുന്പോൾ 710 രൂപയാണ് ഈടാക്കുന്നത്. എന്നാൽ മാനന്തവാടിയിൽനിന്ന് വരുന്ന ഗ്യാസ് സിലിണ്ടറിന് 770 രൂപ ഈടാക്കുന്നതായാണ് പരാതി.