കോട്ടയം: പാചകവാതക സിലിണ്ടര്‍ യഥാര്‍ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശിച്ച കണക്ഷന് മസ്റ്ററിംഗ് (ഇകെവൈസി അപ്ഡേഷന്) ഉപയോക്താക്കള്‍ക്കു ദുരിതമായി. കണക്ഷന് എടുത്തവര്‍ നേരിട്ട് ഏജന്‍സിയിലെത്തി അടിയന്തരമായി മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് വാര്‍ത്ത പ്രചരിച്ചതോടെ ജനം നേട്ടോട്ടത്തിലാണ്. ഏജന്‍സികള്‍ക്കു മുന്നില്‍ ഉപയോക്താക്കളുടെ തിരക്കും. മരണപ്പെട്ടവരുടെ പേരിലാണു കണക്ഷനെങ്കില്‍ അവകാശിയുടെ പേരിലേക്ക് മാറ്റി മസ്റ്ററിംഗ് നടത്താം.
ബയോമെട്രിക് പഞ്ചിംഗ് സംവിധാനത്തിലാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നത്. അപ്ഡേഷന് പൂര്‍ത്തിയാകുമ്പോള്‍ കണക്ഷന് എടുത്ത വേളയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഇകെവൈസി അപ്ഡേറ്റഡ് സന്ദേശം ലഭിക്കും. കണക്ഷന് എടുത്തവര്‍ വിദേശത്തോ, കിടപ്പുരോഗിയോ ആണെങ്കില്‍ മറ്റൊരാളുടെ പേരില്‍ കണക്ഷന് മാറ്റി വേണം മസ്റ്ററിംഗ് നടത്താന്‍.
ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ള മറ്റൊരാള്‍ക്കും മസ്റ്ററിംഗ് ചെയ്യാം. ഇതിനായി അയാളുടെ പേരിലേക്കു കണക്ഷന് മാറ്റണം. ഇവര്‍ ഗ്യാസ് കണക്ഷന് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുള്ള ഫോണ്‍ എന്നിവകൂടി കൈവശം കരുതിയെങ്കിലെ നടപടി പൂര്‍ത്തികരിക്കാനാകൂ.
മസ്റ്ററിംഗ് നടത്തിയില്ലെങ്കില്‍ അടുത്ത മാസം മുതല്‍ ഗ്യാസ് ലഭിക്കില്ലെന്ന് വാര്‍ത്ത പ്രചരിച്ചതോടെ ഏജന്‍സികളിലേക്കു തുടരെ അന്വേഷണമെത്തുന്നുണ്ട്. കൂടുതല്‍ സമയം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത് വയോധികരെയും രോഗികളെയും വളരെയധികം ബുദ്ധിമുട്ടിലാകുന്നു.
കരുതേണ്ട രേഖകള്‍
- ആധാര്‍ കാര്‍ഡ്
- ഗ്യാസ് കണക്ഷന്ബുക്ക്
- രജിസ്റ്റര്‍ ചെയതിരിക്കുന്ന നമ്പറുള്ള മൊബൈല്‍ ഫോണ്‍
- റേഷന്‍ കാര്‍ഡ്
ഏജന്‍സികള്‍ ഓണ്‍ലൈനിലുടെ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ടുള്ള സൈറ്റ് ഉപയോഗിച്ചു വേണം മസ്റ്ററിംഗ് നടത്തേണ്ടത്. പലപ്പോഴും ഇന്റനെറ്റ് തടസം പതിവായതിനാല്‍ നടപടികള്‍ വൈകുന്നു. മസ്റ്ററിംഗ് നടത്താനെത്തുന്നവരില്‍ ഏറെപ്പേരുടെയും ബുക്കിലെ പേര് മാറ്റേണ്ട സാഹചര്യമാണ്.
നിലവിലുള്ള ഉടമ മരണപ്പെട്ടെങ്കിലും പേര് മാറാതെ കിടക്കുന്നതിനാല്‍ പുതിയ ഉടമയുടെ പേരിലേക്ക് മാറ്റാതെ മസ്റ്ററിംഗ് നടത്താനാവില്ല. ഇതും നടപടികള്‍ വൈകാന്‍ കാരണമാകുന്നു. ദിവസം നൂറോളം വ്യക്തികളുടെ മസ്റ്ററിംഗ് മാത്രമേ ചെയ്യാനാകൂ എന്നതും ഏജന്‍സി അധികൃതര്‍ പറയുന്നു. വിതരണ കമ്പനികളുടെ ആപ്പിലൂടെയും മസ്റ്ററിംഗ് നടത്താം. ഇതിനായി കമ്പനികളുടെ ആപ്പും ആധാര്‍ ഫേസ് റെക്കഗ്നിഷന്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്യണം.
ആവശ്യത്തിന് സമയമുണ്ട്
ഗ്യാസ് കണക്ഷന് മസ്റ്ററിംഗ് നടത്തുന്നതിന് ആവശ്യത്തിന് സമയമുണ്ട്. ഉപയോക്താക്കള്‍ തിരക്ക് കൂട്ടേണ്ടതില്ല. മസ്റ്ററിംഗ് നടത്തേണ്ട അവസാന തീയതി സംബന്ധിച്ചു അറിയിപ്പ്കളൊന്നും ലഭിച്ചിട്ടില്ലെന്നും ഏജന്‍സി അധികൃതര്‍ അറിയിച്ചു.
– ജെവിന്‍ കോട്ടൂര്‍