കാലടി: ബയോഗ്യാസ് ഇന്ധനമായി ഉപയോഗിച്ച് ഓടുന്ന സൈക്കിൾ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ആദിശങ്കര എൻജിനിയറിംഗ് കോളജിലെ നാലാം വർഷ മെക്കാനിക്കൽ വിഭാഗം വിദ്യാർഥികൾ. കോളജിലെ ഫാബ് ലാബിൽ നടത്തിയ നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ് ഈ ബയോഗ്യാസ് -മോട്ടോർ സൈക്കിൾ- പൂർണതയിൽ എത്തിയത്.
രണ്ടു കിലോഗ്രാം ശേഷിയുള്ള എൽപിജി ഗ്യാസ് സിലിണ്ടറിലാണ് ബയോഗ്യാസ് നിറയ്ക്കുന്നത്. ഇത് ഉപയോഗിച്ച് ഏകദേശം 70 കിലോമീറ്റർ ദൂരം സഞ്ചരിക്കാനാകും. പരമാവധി വേഗത മണിക്കൂറിൽ 40 കിലോമീറ്ററാണ്. ഗ്യാസ് വീട്ടിൽ തന്നെ ഉത്പാദിപ്പിക്കാമെന്നതും സിലിണ്ടറിൽ നിറയ്ക്കുക എളുപ്പമായതിനാലും മറ്റു ഇന്ധനങ്ങളെ അപേക്ഷിച്ച് എറെ ലാഭകരമാണ്.
മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് പരിസ്ഥിതി സൗഹൃദവുമാണ്. ഈ സൈക്കിൾ വികസിപ്പിച്ചെടുക്കാൻ 6,000 രൂപ മാത്രമാണ് ചെലവായതെന്ന് വിദ്യാർഥികൾ പറയുന്നു. എൻജിനീയറിംഗ് വിദ്യാർഥികളായ ആർ. ആരോമൽ, എ.എം. അമൽ, ടി.എം. അമൽജിത്, അമിത് സജി എന്നിവർ അധ്യാപകരായ എൽദോസ് കെ. ജോയ്, വകുപ്പ് മേധാവി പ്രഫ. കെ.കെ. എൽദോസ് എന്നിവരുടെ മേൽനോട്ടത്തിലാണ് ബയോ ഗ്യാസ് മോട്ടോർ സൈക്കിൽ വികസിപ്പിച്ചെടുത്തത്.