കായംകുളം : തീപിടിത്തമുണ്ടായ വീട്ടിൽ രക്ഷാപ്രവർത്തനത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് അഗ്നിശമന സേനാ ജീവനക്കാർക്ക് പരിക്കേറ്റു. കായംകുളം അഗ്നിശമന സേന യൂണിറ്റിലെ ഫയർമാൻമാരായ എസ് അനീഷ്, രതീഷ് കുമാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് സംഭവം. കായംകുളം കൃഷ്ണപുരം കാപ്പിൽ കുറ്റിപ്പുറം ചന്തയ്ക്ക് സമീപം കുഞ്ഞുമോന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് കായംകുളം കരുനാഗപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തീ അണയ്ക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ഫയർമാൻമാർക്ക് പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ ഇവരെ കായംകുളം ആശുപത്രിയിൽ എത്തിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ട് ആണ് വീടിന് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പിടിത്തത്തിൽ വീടിന്റെ അടുക്കള ഉൾപ്പടെ പൂർണമായി കത്തിനശിച്ചു.