സ്വന്തം ലേഖകന്‍
കോഴിക്കോട്: പാചകവാതക സിലിണ്ടര്‍ ഇനി ഉപയോക്താക്കളുടെ മുന്നില്‍ വച്ചുതന്നെ തൂക്കണം.ഗ്യാസ് വിതരണംചെയ്യുന്ന എല്ലാ വാഹനങ്ങളിലും സിലിണ്ടര്‍ തൂക്കിനോക്കാനാവശ്യമായ ത്രാസുകള്‍ നിര്‍ബന്ധമാക്കാനാണ് നിര്‍ദേശം.
പലപ്പോഴും ഗ്യാസ് കുറഞ്ഞ സിലിണ്ടറുകളാണ് വിതരണം ചെയ്യുന്നതെന്നും ഇത് തീപിടിച്ച വിലനല്‍കി വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഏറെ നഷ്ടമുണ്ടാക്കുന്നതായും വിവിധ കോണുകളില്‍നിന്നും പരാതി ഉയര്‍ന്നിരുന്നു.
ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടാല്‍ വിതരണം ചെയ്യുന്നവര്‍ സിലിണ്ടര്‍ തൂക്കി അളവ് രേഖപ്പെടുത്തി നല്‍കണം. ഗ്യാസ് സിലിണ്ടറുകള്‍ വിതരണം ചെയ്യുന്ന വാഹനങ്ങളില്‍ ഏജന്‍സിയുടെ പേരും മൊബൈല്‍ നമ്പറും പതിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
ലഭിക്കുന്ന സിലിണ്ടറില്‍ പാചകവാതകത്തിന്റെ അളവ് കുറയുന്നു എന്ന പരാതിയാണ് ഇന്നലെ കോഴിക്കോട് നടന്ന അദാലത്തില്‍ കൂടുതലും ഉയര്‍ന്നത്.
പാചക വാതക സബ്സിഡി പുനഃസ്ഥാപിക്കണം, സിലിണ്ടര്‍ വിതരണത്തിന് അധികചാര്‍ജ് ഈടാക്കുന്നു എന്നീ വ്യാപക പരാതികളും ഉയര്‍ന്നു.
സിലിണ്ടര്‍ ബുക്ക് ചെയ്തു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ വിതരണം പൂര്‍ത്തിയാക്കണം. ആളുകള്‍ക്ക് നേരിട്ട് ഏജന്‍സികളില്‍നിന്ന് സിലിണ്ടര്‍ വാങ്ങാന്‍ ഓയില്‍ കമ്പനികളുടെ അനുമതി വേണം.
ഓരോ ഗ്യാസ് എജന്‍സിക്കും വിതരണ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇത് പാലിക്കാത്ത ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഓയില്‍ കമ്പനി പ്രതിനിധികള്‍ പറഞ്ഞു.