കോടാലി: പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് കോടാലിയിൽ ഗ്യാസ് സ്റ്റൗ റിപ്പയറിംഗ് സ്ഥാപനം തകർന്നു. കോടാലി കപ്പേള ജംഗ്ഷനിലെ മജീദ് സ്റ്റോഴ്സിലാണ് ഇന്നലെ രാവിലെ പത്തരയോടെ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്.
ഗ്യാസ് സ്റ്റൗ റിപ്പയർ ചെയ്ത ശേഷം കത്തിച്ചുനോക്കുന്നതിനിടെ പാചകവാതകം ചോർന്നാണ് തീപിടിത്തമുണ്ടായതെന്നു പറയുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇതേത്തുടർന്ന് ജീവനക്കാരി പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. കടയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകൾക്കു തീപിടിച്ചതിനെതുടർന്നാണ് പൊട്ടിത്തെറിയുണ്ടായത്.
കടയിൽ ആറു സിലിണ്ടറുകൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഇതിൽ നാലെണ്ണം ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
തൃശൂർ, ചാലക്കുടി, പുതുക്കാട് എന്നിവിടങ്ങളിൽനിന്ന് മൂന്നു യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. സിലിണ്ടറുകൾക്കു തീപിടിച്ചതിനാൽ ഏറെ സാഹസികമായാണ് അഗ്നിരക്ഷാസേനാംഗങ്ങൾ തീയണച്ചത്.
പന്ത്രണ്ടുമണിയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും ഒരു മണിയോടെയാണ് പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്.
തീപിടിത്തമുണ്ടായ കടയുടെ മുകൾനിലയിലുള്ള ഇൻഷ്വറൻസ് സ്ഥാപനവും കത്തിനശിച്ചു. സമീപത്തെ മറ്റു രണ്ടു സ്ഥാപനങ്ങളും ഭാഗികമായി കത്തി സംഭവത്തെതുടർന്ന് തിരക്കേറിയ കോടാലി ടൗണ് ഒന്നര മണിക്കൂറോളം സ്തംഭിച്ചു.
സിലിണ്ടറുകൾക്കു തീപിടിച്ചതറിഞ്ഞ് ജനങ്ങൾ പരിഭ്രാന്തരായി. സമീപത്തെ കടകളിലും വീടുകളിലുമുണ്ടായിരുന്നവർ പുറത്തിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു.
ടൗണിലൂടെയുള്ള ഗതാഗതം ഒന്നരമണിക്കൂറിലേറെ തടസപ്പെട്ടു. വെള്ളിക്കുളങ്ങര കൊടകര റൂട്ടിലെ ബസ് സർവീസ് വഴിതിരിച്ചുവിട്ടു.
വെള്ളിക്കുളങ്ങര പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ നിയന്ത്രിച്ചു. കോടാലി പുഴങ്കര ഇല്ലത്ത് മജീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കത്തിനശിച്ച സ്ഥാപനം. അശ്രദ്ധമായി പാചകവാതകം കൈകാര്യം ചെയ്തതിന് ഇയാൾക്കെതിരെ പോലീസ് കേസെടുത്തു.