കോഴിക്കോട്: നഗരമധ്യത്തില്‍ മുതലക്കുളത്ത് ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു. കട പൂര്‍ണമായും കത്തിയമര്‍ന്നു. അടുക്കളയില്‍ ജോലി ചെയ്യുകയായിരുന്ന പാചകക്കാരൻ കടയില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ ഡ്രമ്മിനുള്ളില്‍ അഭയം തേടി. അതില്‍ കുടുങ്ങി പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം സ്വദേശി അബ്ദുള്‍ മുത്തലീബിനാണ് പൊള്ളലേറ്റത്.
ഇന്നു രാവിലെ 6.48നാണ് മുതലക്കുളത്ത് ടിബിഎസ് ബുക്സിന്റെ കോമ്പൗണ്ടിനോടു ചേര്‍ന്നുള്ള ഡിവൈന്‍ ബേക്കറിയില്‍ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്നത്. ബേക്കറിക്കൊപ്പം ചായയും പലഹാരങ്ങളും വില്‍ക്കുന്ന കടയാണിത്. ഗ്യാസ് സിലിണ്ടറിന് തീപിടിച്ചപ്പോള്‍ ചായ അടിക്കുന്ന തൊഴിലാളി ഗ്യാസ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞു. വലിയ ശബ്ദത്തോടെ അതു പൊട്ടിത്തെറിച്ചു. അപ്പോഴേക്കും ചായക്കടയില്‍ തീ പടര്‍ന്നിരുന്നു. തീ ആളിക്കത്താന്‍ തുടങ്ങി. ഇതുകണ്ട പാചകക്കാരൻ പുറത്തിറങ്ങാന്‍ ശ്രമിച്ചെങ്കിലും കടയുടെ പിന്‍ഭാഗത്ത് വാതില്‍ ഇല്ലാത്തിനാല്‍ സാധിച്ചില്ല.
ഇതേത്തുടർന്നു കടയില്‍ സൂക്ഷിച്ചിരുന്ന ഡ്രമ്മിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍, ഡ്രമ്മിലേക്കും തീ പടര്‍ന്നു. ഡ്രമ്മില്‍ കുടുങ്ങിയ ഇയാള്‍ക്ക് പുറത്തിറങ്ങാനായില്ല. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന തീയണച്ചശേഷം അടുക്കളയില്‍ കയറി നോക്കിയപ്പോഴാണ് ഡ്രമ്മില്‍ ഇയാളെ കണ്ടെത്തിയത്. എണ്പതു ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നുവെന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ പറഞ്ഞു.
തീ ഉയരുന്നതു കണ്ട് വഴിപോക്കരാണ് അഗ്നിരക്ഷാ േസനയെ വിവിരം അറിയിച്ചത്. റോഡിലേക്കു വലിച്ചെറിഞ്ഞ ഗ്യാസ് സിലിണ്ടര്‍ റോഡില്‍ വച്ച് പൊട്ടിത്തെറിച്ചു. അഗ്നിരക്ഷാസേന വെള്ളമടിച്ചാണ് ഇത് നിര്‍വീര്യമാക്കിയത്. ചാക്കടയുടെ അടക്കള ഭാഗത്തുനിന്ന് പുറത്തേക്ക് കടക്കാന്‍ വാതില്‍ ഇല്ലാത്തതാണ് അപകടം വര്‍ധിപ്പിച്ചത്. നിയമ പ്രകാരം പിന്‍ഭാഗത്ത് വാതില്‍ വയ്ക്കേണ്ടതാണെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബീച്ചില്‍നിന്ന് ഒന്നും മീഞ്ചന്തയില്‍നിന്ന് രണ്ടും ഫയര്‍ യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ചായക്കടയില്‍ എട്ട് ഗ്യാസ് സിലണ്ടറുകള്‍ ഉണ്ടായിരുന്നു.