കോട്ടയം: ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു വീടിനു കേടുപാടുകൾ സംഭവിച്ചു. കോട്ടയം ഫയർഫോഴ്സ് എത്തി തീകെടുത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നു രാവിലെ 7.30നു മുപ്പായിക്കാട് മാട്ടൂർ സി.എ. ബാബുവിന്റെ വീട്ടിലാണു സംഭവം. രാവിലെ ഭക്ഷണം പാചകം ചെയ്തുകൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ തീപടർന്നു പിടിക്കുകയായിരുന്നു.
ഗ്യാസ് സിലിണ്ടറിലെ റെഗുലേറ്ററിന്റെ ഭാഗത്തു നിന്നും ഗ്യാസ് ലീക്കായി തീപിടിക്കുകയായിരുന്നു. അടുക്കളയിലെ വയറിംഗും കബോർഡും കത്തിനശിച്ചു. അടുക്കള ഭാഗത്തെ മേൽക്കൂരയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫയർഫോഴ്സ് അധികൃതർ എത്തുന്പോൾ വീടിനുള്ളിൽ കിടന്നാണു സിലിണ്ടർ കത്തിക്കൊണ്ടിരുന്നത്. ഉടൻ തന്നെ സിലിണ്ടർ വീടിനു പുറത്തേക്ക് എറിഞ്ഞശേഷമാണു തീകെടുത്തിയത്.
ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ കെ.വി. ശിവദാസൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജിമോൻ ടി. ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു വീട്ടിലെത്തി തീയണച്ചത്. സിലിണ്ടറിനു തീപിടിച്ചതോടെ വീട്ടുകാർ അടുക്കളയിൽ നിന്നും ഓടി മാറിയിരുന്നു.