പുതുക്കാട്: വാഹനത്തിൽ കൊണ്ടുപോയിരുന്ന ഗ്യാസ് സിലിണ്ടർ ചോർന്നതു പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയ്ക്കു 12 മണിയോടെ ദേശീയപാതയിൽ പുതുക്കാട് പഞ്ചായത്ത് ഓഫീസിന് എതിർവശത്താണ് സംഭവം.ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കൊച്ചിയിലെ പ്ലാന്റിൽനിന്നു പാലക്കാട്ടേക്കു പോയിരുന്ന വാഹനത്തിലെ കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (സിഎൻജി) സിലിണ്ടറാണ് ചോർന്നത്.
400 കിലോ സിഎൻജിയാണ് ടെന്പോയിൽ ഉണ്ടായിരുന്നത്. സിലിണ്ടറുകൾ ഘടിപ്പിച്ചിരുന്ന വാൽവിൽ ചോർച്ചയുണ്ടാവുകയായിരുന്നു.വലിയ ശബ്ദത്തിൽ ചോർച്ച വന്നയുടനെ സമീപത്തുള്ള പഞ്ചായത്ത് ഓഫീസ്, ട്രഷറി, ബാങ്കുകൾ, ആശുപത്രി എന്നിവിടങ്ങളിലുള്ളവർ പുറത്തേക്കിറങ്ങി ഓടിരക്ഷപ്പെട്ടു.
പാടത്തും പറന്പിലൂടെയുമാണു ജീവനക്കാർ ഓടിയത്. സ്ഥലത്തെത്തിയ പുതുക്കാട് പോലീസ് മറ്റുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിപ്പിച്ചു.അരമണിക്കൂറോളം ആളുകൾ ഭീതിയിലായി. ചോർച്ച അടയ്ക്കുന്നതുവരെ ദേശീയപാതയുടെ ഇരുഭാഗത്തും വാഹന ഗതാഗതം പോലീസ് തടഞ്ഞിരുന്നു.
പുതുക്കാടുനിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് ഗ്യാസ് സിലിണ്ടറിന്റെ വാൽവ് മുറുക്കി ചോർച്ചയടച്ചത്. തുടർന്നു വാഹനം ആളൊഴിഞ്ഞ പ്രദേശത്തേക്കു മാറ്റി.ഫയർഫോഴ്സിലെ സീനിയർ ഓഫീസർ എം. പ്രശാന്ത്, ഓഫീസർമാരായ കെ.ആർ. സുജിത്, അഭിജിത്, രഞ്ജിത്ത്, പുതുക്കാട് സിഐ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് ചോർച്ച അടച്ചത്.
പഞ്ചായത്തംഗങ്ങളായ സെബി കൊടിയൻ, സി.സി. സോമൻ, ബിജെപി നേതാക്കളായ ബേബി കീടായി, വിജു തച്ചംകുളം എന്നിവരും സ്ഥലത്തെത്തിയിരുന്നു.
മുൾമുനയിൽ അരമണിക്കൂർ, പരക്കംപാഞ്ഞ് നാട്ടുകാർ
പുതുക്കാട്: പുതുക്കാട് ടൗണ് അക്ഷരാർത്ഥത്തിൽ വിറച്ചുപോയ നിമിഷങ്ങളായിരുന്നു അത്. ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ടെന്പോയിൽനിന്ന് വലിയ ശബ്ദത്തോടെ പുകരൂപത്തിൽ വാതകം പുറത്തേക്കൊഴുകി പരന്നതോടെ നാട്ടുകാർ ജീവനുംകൊണ്ട് പരക്കം പാഞ്ഞു.
ഓഫീസുകളിൽ ജോലി ചെയ്തിരുന്നവർ ദേശീയപാതയ്ക്കു സമീപത്തെ പാടങ്ങളിലൂടെയും പറന്പുകളിലൂടെയും ഇറങ്ങിയോടി.സിലിണ്ടറുകൾ നിറഞ്ഞ വാഹനത്തിൽനിന്നു ചോരുന്ന വാതകം എന്താണെന്ന് ആദ്യം തിരിച്ചറിയാനായില്ല. അതോടെ സ്ഥലത്തെത്തിയ പോലീസ് സമീപത്തെ കെട്ടിടങ്ങളിൽനിന്നും ആളുകളെ ഒഴിപ്പിച്ചു.
ദേശീയപാതയിൽ ഇരുവശങ്ങളിലായി പോലീസ് ഗതാഗതം തടഞ്ഞു.ഫയർഫോഴ്സ് എത്തിയാണ് വാതകം തിരിച്ചറിഞ്ഞത്. തുടർന്നു രക്ഷാപ്രവർത്തനം ഏറ്റെടുത്തു. അരമണിക്കൂറെടുത്തു ചോർച്ചയടച്ചപ്പോൾ എങ്ങും ആശ്വാസം.400 കിലോ വരുന്ന സിഎൻജി സിലിണ്ടറുകളിൽനിന്നുള്ള പൈപ്പുകൾ ഘടിപ്പിച്ച ഒറ്റ പൈപ്പിലാണ് ചോർച്ചയുണ്ടായത്.
പുറത്തേക്കൊഴുകി പരന്ന പുകമൂലം വാഹനംപോലും കാണാനാവാത്ത സ്ഥിതിയിലാണ് അഗ്നിരക്ഷാസേനയെത്തിയത്. വാഹനങ്ങളിൽ ഇന്ധനമായി ഉപയോഗിക്കുന്ന സിഎൻജി പാചകവാതകം പോലെ പെട്ടെന്നു തീപിടിക്കില്ലെങ്കിലും അഗ്നിബാധയുണ്ടായാൽ സ്ഥിതി ഗുരുതരമാകും. പെട്ടെന്നു നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്.