പാലക്കാട്: ഗ്യാസ് ഏജൻസി വീട്ടിലെത്തിക്കുന്ന സിലിണ്ടറിന് തൂക്കം കുറവാണെന്ന് സംശയം തോന്നിയാൽ ഉടൻതന്നെ ഗ്യാസ് എത്തിക്കുന്നവരോട് തൂക്കം നോക്കാൻ ഉപഭോക്താവിന് നിർദേശിക്കാം. ഗാസ്കുറ്റി തൂക്കിനോക്കി അളവ് കൃത്യമല്ലെങ്കിൽ മറ്റൊന്ന് ആവശ്യപ്പെടാം.
ഗ്യാസ് സിലിണ്ടറുകളിൽ തൂക്കം കുറവാണെന്ന് പരാതി ഉയർന്ന സാഹചര്യത്തിലാണ് ഉപഭോക്താവ് ആവശ്യപ്പെട്ടാൽ തൂക്കം നോക്കിനൽകണമെന്ന് ഗാസ് ഏജൻസികൾക്ക് ലീഗൽ മെട്രോളജി വകുപ്പ് നിർദേശം നൽകിയത്. ഇതിനായി തൂക്കം നോക്കാനുള്ള ഉപകരണം ഗ്യാസ് വിതരണം ചെയ്യുന്ന വാഹനങ്ങളിൽ സൂക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
ജില്ലാ സപ്ലൈ ഓഫീസിനാണ് പാചകവാതക വിതരണത്തിന്റെ ചുമതല. പരാതികളുണ്ടായാൽ ജില്ലാ സപ്ലൈ ഓഫിസിലോ ലീഗൽ മെട്രോളജി വകുപ്പിലോ അറിയിക്കാം. പരാതി ലഭിച്ചാൽ ഉടനെ നടപടി എടുക്കുമെന്ന് ലീഗൽ മെട്രോളജി വകുപ്പ് അസി. കണ്ട്രോളർ സി. വി. ഈശ്വരൻ അറിയിച്ചു.
സൂപ്പർമാർക്കറ്റുകളിൽ ബില്ലുകൾ പരിശോധിച്ച് സാധനങ്ങൾ വാങ്ങണം. സൂപ്പർമാർക്കറ്റുകളിൽ പോയി വീടുകളിലേക്ക് ഒരു മാസത്തേയോ ഒരാഴ്ചയിലേയോ സാധനങ്ങൾ വാങ്ങുന്പോൾ അച്ചടിച്ചിരിക്കുന്ന പരമാവധി വിലയേക്കാൾ (എം.ആർ.പി) കൂടുതൽ ഈടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.
ഒരുനീണ്ട ബിൽ ലഭിക്കുന്പോൾ ഉടനെ അതിന്റെ ആകെ തുക നൽകി സാധനങ്ങൾ വാങ്ങുകയാണ് പതിവ്. ബില്ലിലെ തുകയും ഓരോ സാധനങ്ങളുടെ കവറിനു പുറത്ത് അച്ചടിച്ചിരിക്കുന്ന വിലയും തമ്മിൽ വ്യത്യാസമുണ്ടോ എന്ന് പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ കൈപ്പറ്റുക. ഇല്ലെങ്കിൽ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ലീഗൽ മെട്രോളജി വകുപ്പ് അധികൃതർ മുന്നറിയിപ്പ് നൽകി.