കോഴിക്കോട്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടം പതിവായ സാഹചര്യത്തെ തുടർന്ന് ജനങ്ങൾക്ക് സുരക്ഷാ നിർദേശവുമായി മുക്കം അഗ്നിരക്ഷാസേന. സ്റ്റേഷൻ പരിധിയിലെ ഏഴ് സ്ഥലങ്ങളിലാണ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ അപകടങ്ങൾ നടന്നത്. ഭൂരിഭാഗം അപകടങ്ങളും ഗ്യാസ് സിലിണ്ടർ ഉപയോഗിക്കുമ്പോഴുള്ള അശ്രദ്ധമൂലമാണ് സംഭവിക്കുന്നതെന്ന് ഫയർ ഫോഴ്സ് പറഞ്ഞു.
മൂന്ന് മാസത്തിനിടെ ഉണ്ടായ ഏഴ് അപകടങ്ങളിലും തലനാരിഴക്കാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. ഏതാനും പേര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. മനുഷ്യജീവന് അപായം സംഭവിച്ചില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എല്ലാ സ്ഥലങ്ങളിലും അശ്രദ്ധമായ രീതിയില്‍ പാചകവാതക സിലിണ്ടറുകള്‍ കൈകാര്യം ചെയ്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് മുക്കം ഫയര്‍ സ്റ്റേഷന് ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ വ്യക്തമാക്കി.
പുതിയ സിലിണ്ടര്‍ ഉപയോഗിക്കുമ്പോള്‍ റെഗുലേറ്റര്‍ കൃത്യമായാണ് ഘടിപ്പിച്ചതെന്ന് ഉറപ്പുവരുത്തണം. സോപ്പ് പത റെഗുലേറ്ററിന് മുകളില്‍ പുരട്ടിയാല്‍ ഇന്ധന ചോര്‍ച്ചയുണ്ടോ എന്നറിയാന്‍ സാധിക്കും. ചോര്‍ച്ചയുണ്ടെങ്കില്‍ വലിയ കുമിളകള്‍ ഉണ്ടാകും. ഇങ്ങനെ കാണുകയാണെങ്കില്‍ റഗുലേറ്റര്‍ ഒന്നുകൂടി ശെരിയായി കണക്ട് ചെയ്യണം. എന്നിട്ടും ശരിയായില്ലെങ്കില്‍ സിലിണ്ടര്‍ നന്നായി സീല്‍ ചെയ്ത ശേഷം പുറത്ത് തുറസ്സായ സ്ഥലത്തേക്ക് മാറ്റി അധികൃതരെ അറിയിക്കണം.
അംഗീകൃത ഏജന്‍സിയില്‍ നിന്നു തന്നെയാണ് സിലിണ്ടര്‍ വാങ്ങുന്നതെന്ന് ഉറപ്പു വരുത്തണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അല്ലാത്ത പക്ഷം ഏതെങ്കിലും തരത്തിലുള്ള അപകടം സംഭവിച്ചാല്‍ യാതൊരുവിധ ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കില്ല. റഗുലേറ്റര്‍ കണക്ട് ചെയ്യുന്ന കുഴല്‍ ഐ.ഐസ്.ഐ മാര്‍ക്കുള്ളവയാകണം. കുറഞ്ഞത് രണ്ട് വര്‍ഷം കൂടുമ്പോഴെങ്കിലും ഇവ മാറ്റുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.